Enter your Email Address to subscribe to our newsletters

Christchurch, 24 ഒക്റ്റോബര്‍ (H.S.)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യിലും വിജയം തുടര്‍ന്ന് ഇന്ത്യ. നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. കീവിസ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറിലാണ് ഇന്ത്യ മറികടന്നത്. തിലക് വര്‍മ്മയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. തിലക് 26 പന്തില്‍ 51 റണ്‍സോടെയും നിതീഷ് കുമാര്‍ റെഡ്ഡി 13 പന്തില്‍ നിന്ന് 26 റണ്‍സോടെയും പുറത്താവാതെ നിന്നു. ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 196.15 സ്‌ട്രൈക്ക് റേറ്റിലാണ് തിലക് വര്‍മ്മയുടെ അര്‍ധസെഞ്ച്വറി പ്രകടനം. തിലക് തന്നെയാണ് കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്
അഭിഷേക് ശര്‍മ്മ (27), നമന്‍ ധീര്‍ (31) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. കളിയില്‍ ഇഷാന് കിഷന് പകരം ഇറങ്ങിയ വൈഭവ് സൂര്യവംശി നിരാശപ്പെടുത്തി. വെറും നാല് റണ്‍സെടുത്താണ് താരം പുറത്തായത്. വൈഭവിന് പുറമെ സഞ്ജും സാംസണും (14) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (7) ഇന്ന് കാര്യമായി തിളങ്ങിയില്ല. ന്യൂസിലന്‍ഡ് നിരയില്‍ നാല് വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്‌നര്‍ ഇന്ന് തിളങ്ങി. സാന്റ്‌നര്‍ക്ക് പുറമെ ജേക്കബ് ഡഫി, നേഥന്‍ സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു. ഇതോടെ അഞ്ച് മത്സരപരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
നേരത്തെ ആദ്യ ബാറ്റിങ്ങില്‍ 181 റണ്‍സ് വിജയലക്ഷ്യമാണ് ന്യൂസിലന്‍ഡ് ഉയര്‍ത്തിയത്. കീവിസിനായി 70 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്പ്‌സും 58 റണ്‍സെടുത്ത ബെവന്‍ ജേക്കബ്‌സുമാണ് തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ഓപ്പണര്‍ ടിം സേഫര്‍ട്ടിനെയും, മൂന്നാമന്‍ ഡാരില്‍ മിച്ചലിനെയും തുടക്കത്തിലേ നഷ്ടമായിരുന്നു. അര്‍ഷ്ദീപ് സിങും ഭുവനേശ്വര്‍ കുമാറുമാണ് യഥാക്രമം ഇവരുടെ വിക്കറ്റുകളെടുത്ത്.
പിന്നീട് ഫിന്‍ അലനെയും നഷ്ടമായതോടെ ഫിലിപ്പ്‌സും ബെവന്‍ ജേക്കബ്‌സുമാണ് ടീമിനായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരും ചേര്‍ന്ന് 116 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് ടീമിനെ സുരക്ഷിത നിലയില്‍ എത്തിച്ചത്. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് രണ്ടും, ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
---------------
Hindusthan Samachar / Sreejith S