Enter your Email Address to subscribe to our newsletters

New delhi, 24 ഒക്റ്റോബര്‍ (H.S.)
പീസ് ബോണ്ടില്‍ ഒപ്പുവയ്ക്കില്ലെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. പീസ് ബോണ്ടിനെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും പ്രതിഷേധിക്കാനുള്ള അവകാശത്തെ കവരുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും നേഹ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നേഹ ബോറ സമര്‍പ്പിച്ച സമാധാന ബോണ്ട് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന 'ലേഹ്റ ദോ തിരംഗ' പ്രതിഷേധവുമായി ബന്ധപ്പെട്ട്, സമാധാനം നിലനിര്‍ത്താന്‍ 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (SEM) നല്‍കിയ നോട്ടീസിനെതിരെയാണ് നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് ബോണ്ടില്‍ ഒപ്പിടില്ലെന്ന് അറിയിച്ചത്.
പൊലീസിന്റെ ഈ നടപടിയുടെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ട്, 'ആരുടെ സമാധാനം സംരക്ഷിക്കാനാണ് എന്നോട് ആവശ്യപ്പെടുന്നത്?' എന്ന് നേഹ ബോറ ചോദിച്ചു. ബിഎന്‍എസ്എസ് (BNSS) സെക്ഷന്‍ 126 പ്രകാരം ഒക്ടോബര്‍ 17നാണ് പൊലീസ് ഈ നോട്ടീസ് നല്‍കിയത്. ശേഷം ഒക്ടോബര്‍ 19ന് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് (SEM) മുന്നില്‍ ഹാജരാകാന്‍ വിദ്യാര്‍ഥി നേതാവിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
'തെരുവുകളില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നത് ഒരു ജനാധിപത്യ അവകാശമാണ്. സര്‍ക്കാരിനെതിരെ ആശങ്കകള്‍ ഉന്നയിക്കുന്നത് എങ്ങനെയാണ് സമാധാനത്തിന് ഭീഷണിയാകുക. നമ്മള്‍ സര്‍ക്കാരിനോട് ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെങ്കില്‍, പിന്നെ ആരുടെ സമാധാനമാണ് നമ്മള്‍ സംരക്ഷിക്കുന്നത്?. വിയോജിക്കുക എന്നത് ജനാധിപത്യ അവകാശമാണെന്നും' നേഹ ബോറ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം ഏത് ദിശയിലേക്ക് നീങ്ങിയാലും, വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശത്തെ 'സമാധാനത്തിന് ഭീഷണിയായി' മുദ്രകുത്തിക്കൊണ്ടാകരുത് അത് മുന്നോട്ട് പോകേണ്ടതെന്ന് നേഹ ബോറ വ്യക്തമാക്കി. കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സംഘടിപ്പിച്ച ലെഹ്റ ദോ തിരംഗ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഒക്ടോബര്‍ 16ന് ഡല്‍ഹി പൊലീസ് നേഹ ബോറയെ കരുതല്‍ തടങ്കലില്‍ ഇട്ടു. തൊട്ടടുത്ത ദിവസം വിട്ടയക്കുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S