Enter your Email Address to subscribe to our newsletters

Kannur, 24 ഒക്റ്റോബര്‍ (H.S.)
പി.പി. ദിവ്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ബിനാമി ഇടപാടുകളെന്ന് ആരോപണങ്ങള്‍ തള്ളി കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എം.ഡി. മുഹമ്മദ് ആസിഫ്. ദിവ്യയുമായി ഒരു ബന്ധവുമില്ല. ഒരു ബിനാമി ഇടപാടുമില്ല. ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നു. നടപടിക്രമം പാലിക്കാതെ ഏതെങ്കിലും ഒരു കരാര്‍ കാര്‍ട്ടണ്‍ ഇന്ത്യ ചെയ്തിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എസ്.യു. നേതാവ് ഷമ്മാസിന്റെ ഉദ്ദേശ്യം നടക്കാന്‍ പോകുന്നില്ല. അദ്ദേഹത്തിനെതിരെ രാഹുല്‍ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും പരാതി നല്‍കിയിരുന്നുവെന്നും ആസിഫ് പറഞ്ഞു. അന്വേഷണം നടക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഷമ്മാസ് ഇതിന്റെ പിന്നാലെ നടക്കുകയാണ്. എന്താണ് അയാള്‍ എന്റെ കൈയില്‍നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എല്ലാവിധത്തിലും സഹകരിക്കും, ആസിഫ് കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ ആധികാരിക രേഖകളുണ്ട് എന്ന് പറഞ്ഞ് എന്നെ ഒരു റിപ്പോര്‍ട്ടര്‍ വിളിച്ചിരുന്നു. സൈബര്‍ ഫ്രോഡ് ആണെന്ന് വിചാരിച്ച് പൊലീസില്‍ അപ്പോള്‍ തന്നെ പരാതി നല്‍കിയിരുന്നു. തെറ്റിദ്ധാരണയാണെന്ന് പറഞ്ഞ് ആ കേസ് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു. ഐസിഐസിഐ ബാങ്കിലും കേരള ബാങ്കിലുമാണ് കമ്പനിയുടെ ഇടപാടുകള്‍ നടക്കുന്നത്. ഈ ബാങ്കുകളില്‍ ചെന്നാല്‍ കമ്പനി ഡീറ്റെയില്‍സ് നല്‍കില്ല. ഇവര്‍ക്ക് എങ്ങനെ കിട്ടി, അത് അവര്‍ തെളിയിക്കട്ടെ. ആര്‍ക്കും സമ്മാനമായിട്ടും പണമായിട്ടും നല്‍കിയിട്ടില്ല. അങ്ങനെ കൊടുക്കേണ്ട ആവശ്യമില്ല.
പി.പി. ദിവ്യയുമായി ബന്ധം വെക്കേണ്ട കാര്യം എന്താണ്? ഞാന്‍ തുടങ്ങിയ കമ്പനിയല്ലേ. പി.പി. ദിവ്യ സഹായിച്ചിട്ടുവേണോ സ്ഥാപനം നടത്തി മുന്നോട്ട് കൊണ്ടുപോകാന്‍? തെളിയിച്ചിട്ട്, പി.പി. ദിവ്യയുടേതാണെന്നുണ്ടെങ്കില്‍ കുറച്ച് ലോണും കാര്യങ്ങളും ഉണ്ട്, അത് ഷെയര്‍ ചെയ്യാമല്ലോ. അല്ലാതെ വേറെ എന്ത് പറയാന്‍!
ജില്ലാ പഞ്ചായത്തില്‍നിന്ന് മൂന്ന് ടെന്‍ഡറാണ് മൂന്ന് വര്‍ഷത്തിനിടെ കിട്ടിയത്. കോവിഡിന് മുമ്പ് ബിര്‍ളയിലായിരുന്നു എനിക്ക് ജോലി. അതിനുശേഷം അവിടെനിന്ന് രാജിവെച്ച് കമ്പനി തുടങ്ങുകയായിരുന്നു. നേരത്തെ ഷമ്മാസുമായി ആശയവിനിമയം ഉണ്ടായിരുന്നു. സംസാരിച്ച് സെറ്റില്‍മെന്റ് ആക്കാമെന്നായിരുന്നു പറഞ്ഞത്. രാഹുല്‍ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നുവെന്നും ആസിഫ് പറഞ്ഞു.
പി.പി. ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ ടെണ്ടര്‍ ഇല്ലാതെ 'കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയെന്നും ഇത് ദിവ്യയുടെ ബിനാമി കമ്പനിയാണെന്നും ആരോപിച്ച് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് രംഗത്തെത്തിയിരുന്നു. ഷമ്മാസ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. മോഡുലാര്‍ ടോയ്ലറ്റ് നിര്‍മാണം ഉള്‍പ്പെടെ 12 കോടിയുടേതായിരുന്നു പദ്ധതി.
---------------
Hindusthan Samachar / Sreejith S