Enter your Email Address to subscribe to our newsletters

Palakkad , 25 ഒക്റ്റോബര് (H.S.)
പനമണ്ണയിൽ ശക്തമായ മഴയെ തുടർന്ന് വീട് തകർന്നുവീണ് ഗൃഹനാഥന് പരിക്ക്. പുതുമനപ്പറമ്പിൽ വേലായുധനാണ് (58) തലയ്ക്ക് പരിക്കേറ്റത്. വീടിൻ്റെ മേൽക്കൂര പൂർണമായും നിലംപൊത്തി.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പെയ്ത ശക്തമായ മഴയെ തുടർന്നാണ് അപകടമുണ്ടായത്. വീടിൻ്റെ മേൽക്കൂര പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന വേലായുധൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേൽക്കൂര പൂർണമായും തകർന്ന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും അപകട സമയത്ത് മറ്റു ദുരന്തങ്ങളൊന്നും ഉണ്ടാകാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പ്രദേശവാസികളും ബന്ധുക്കളും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടവും വില്ലേജ് അധികൃതരും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് ശക്തമായ മഴയ്ക്കിടെ വേലായുധൻ്റെ വീട് നിലംപൊത്തിയത്. വേലായുധനും ഭാര്യ 49 കാരിയായ ബേബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചിതലെടുത്ത് ശോചനീയമായിരുന്ന വീടിൻ്റെ മേൽക്കൂരയും ചുമരിൻ്റെ ചില ഭാഗങ്ങളുമാണ് തകർന്നത്. മുറിയിൽ രാത്രി കിടന്നുറങ്ങുമ്പോഴാണ് സംഭവം. ഇന്നലെ പാലക്കാട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഇരുവരുടെ ദേഹത്തേക്ക് ഓട് വീണാണ് വേലായുധന് തലയ്ക്ക് പരിക്കേറ്റത്. ബേബിക്ക് കാലിനും പരിക്കേറ്റു. ബേബിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്ത. പിന്നാലെ തകർന്നുവീണ മേൽക്കൂരയ്ക്ക് അടിയിൽപ്പെട്ട ഇരുവരെയും കിടപ്പുമുറിക്കുള്ളിൽ നിന്നും രക്ഷിച്ച് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടു സ്വത്തായ ഭൂമിയിൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ അപേക്ഷകളെല്ലാം നൽകിയെങ്കിലും വീടിന് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ലെന്ന് ഗൃഹനാഥ ബേബി പറഞ്ഞു.
രാത്രിയാണ് സംഭവം. പെട്ടെന്ന് ഒരു ഉഗ്ര ശബ്ദത്തോടെ ഓഠ് വന്ന് ദേഹത്തോട്ട് വീഴുകയായിരുന്നു. അപ്പോഴെക്കും അയൽവാസികൾ ഓടിവന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. അധികൃതർ വന്ന് കണ്ടെങ്കിലും ഒന്നും പറഞ്ഞില്ലെന്നും ബേബി കൂട്ടിച്ചേർത്തു. സംഭവത്തിന് അറിഞ്ഞയുടനെ ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ ജയസുധയും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. വീട് ഉടനെ വാസയോഗ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. അതിനാൽ മനിശേരിയിലെ ബന്ധു വീട്ടിലേക്ക് താമസം മാറാൻ ഒരുങ്ങുകയാണ് ഇവർ.
പാലക്കാട് ഇന്നും ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR