Enter your Email Address to subscribe to our newsletters

Kasaragod , 25 ഒക്റ്റോബര് (H.S.)
സമയോചിതമായ ഇടപെടലിലൂടെയും മനുഷ്യത്വപരമായ സമീപനത്തിലൂടെയും മാനസികാസ്വാസ്ഥ്യമുള്ള ജാർഖണ്ഡ് സ്വദേശിയായ യുവാവിനെ തിരികെ കുടുംബത്തിന്റെ അരികിലെത്തിച്ച് ചിറ്റാരിക്കൽ പൊലീസ്. മോഷണശ്രമം ആരോപിച്ച് നാട്ടുകാർ തടഞ്ഞുവെച്ച യുവാവാണ് പൊലീസിന്റെ ജാഗ്രതയിൽ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്.
വീട്ടിൽ മോഷ്ടാവ് കയറിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ ചിറ്റാരിക്കൽ പൊലീസ് സംഘം നാട്ടുകാർ കെട്ടിയിട്ട നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലും പരിശോധനയിലും യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് തിരിച്ചറിഞ്ഞു. സംസാരത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയതോടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ ജാർഖണ്ഡ് സ്വദേശിയാണെന്ന് വ്യക്തമായത്. യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച പൊലീസ്, ജാർഖണ്ഡിലെ ബന്ധുക്കളെയും പ്രാദേശിക അധികൃതരെയും വിവരമറിയിച്ചു.കാണാതായ മകനെക്കുറിച്ചുള്ള വിവരമറിഞ്ഞ് ബന്ധുക്കൾ കേരളത്തിലെത്തുകയും ചെയ്തു.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുവാവിനെ പൊലീസും ജനപ്രതിനിധികളും ചേർന്ന് ബന്ധുക്കൾക്ക് കൈമാറി. ചിറ്റാരിക്കൽ പൊലീസിന്റെ ഈ മാതൃകാപരമായ സേവനത്തിനും കാരുണ്യത്തിനും നാട്ടുകാരും യുവാവിന്റെ കുടുംബവും നന്ദി അറിയിച്ചു.
ഒരു വീട്ടിൽ മോഷ്ടാവ് കയറിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് ചിറ്റാരിക്കൽ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നാട്ടുകാർ കെട്ടിയിട്ട നിലയിൽ ഒരു യുവാവിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആ യുവാവ് അന്യസംസ്ഥാന സ്വദേശിയാണെന്ന് പൊലീസിന് മനസിലായി.
യുവാവിൻ്റെ ശാരീരിക-മാനസികാവസ്ഥ കൃത്യമായി മനസിലാക്കിയ പൊലീസ് അദ്ദേഹത്തെ സുരക്ഷിതമായും കരുതലോടെയും അമ്പലത്തറ സ്നേഹസദനത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചു. അവിടെ ലഭിച്ച ആവശ്യമായ പരിചരണവും പിന്തുണയും യുവാവിന് തുണയായി. ക്രമേണ അദ്ദേഹത്തിൻ്റെ മാനസികനില മെച്ചപ്പെടുകയും തുടർന്ന് നടത്തിയ ആശയവിനിമയത്തിലൂടെ താൻ ജാർഖണ്ഡ് സ്വദേശിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.
സ്നേഹാലയം അധികൃതരുടെ തുടർ ഇടപെടലിലൂടെ ജാർഖണ്ഡിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ഒടുവിൽ യുവാവിൻ്റെ കുടുംബത്തെ കണ്ടെത്താൻ സാധിക്കുകയും ചെയ്തു. വിവരമറിഞ്ഞ് കേരളത്തിലെത്തിയ ബന്ധുക്കൾ 'ബാലക്' എന്ന യുവാവിനെ ഏറ്റെടുത്ത് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ ഏറെ നാളായി കുടുംബത്തിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന യുവാവിന് തൻ്റെ പ്രിയപ്പെട്ടവരോടൊപ്പം വീണ്ടും ജീവിക്കാനുള്ള ഭാഗ്യമാണ് കൈവന്നത്.
മോഷണവിവരത്തെത്തുടർന്നുള്ള പതിവ് പൊലീസ് നടപടിക്കിടയിലും ഒരു മനുഷ്യൻ്റെ നിസഹായാവസ്ഥയും ദുരവസ്ഥയും തിരിച്ചറിയാൻ ചിറ്റാരിക്കൽ പൊലീസ് ശ്രമിച്ചു. അദ്ദേഹത്തിൻ്റെ സുരക്ഷയും പുനർചിന്തയോടെയുള്ള പുനധിവാസവും കുടുംബപുനഃസമാഗമവും ഉറപ്പാക്കുന്നതിൽ പൊലീസിനൊപ്പം സ്നേഹാശ്രമം അധികൃതരുടെ സഹകരണവും സമയോചിതമായ ഇടപെടലും നിർണായകമായി.
നിയമപരമായ ഉത്തരവാദിത്വങ്ങൾക്കപ്പുറം മനുഷ്യത്വത്തിനും കരുതലിനും പ്രാധാന്യം നൽകിയ ചിറ്റാരിക്കൽ പൊലീസിൻ്റെ ഈ ഇടപെടൽ കേരള പൊലീസിൻ്റെ മാനുഷിക മുഖത്തിന് സമൂഹത്തിൽ ഉത്തമ മാതൃകയാവുകയാണ്.
യുവാവിനെ പിടികൂടുമ്പോൾ അക്രമാസക്തമായ നിലയിൽ ആയിരുന്നുവെന്നു ചിറ്റാരിക്കൽ എസ്എച്ച്ഒ ഗണേശൻ പറഞ്ഞു. 'ഇടക്കിടക്ക് ജാർഖണ്ഡ് എന്ന് പറയുന്നുണ്ടായിരുന്നു. ജാർഖണ്ഡിൽ നിന്നും നാടുവിട്ടു വരുകയായിരുന്നുവെന്ന് മനസിലായി. ഒരു വീട്ടിൽ വെള്ളം ചോദിച്ചു ഇയാൾ എത്തി. ഇയാൾ അനുമതി ഇല്ലാതെ ആ വീട്ടിലേക്ക് കയറുകയും ചെയ്തു. ഇതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി അങ്ങനെ ആണ് നാട്ടുകാർ പൊലീസിനെ അറിയിക്കുന്നത്. ഏതായാലും കുടുംബത്തോടൊപ്പം എത്തിയതിൽ വലിയ സന്തോഷം ഉണ്ട്' ഗണേശൻ പറഞ്ഞു. പൊലീസിൻ്റെ കരുതലും സ്നേഹവുമാണ് ഇവിടെ പ്രകടമായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR