Enter your Email Address to subscribe to our newsletters

Thiruvananthapuram , 25 ഒക്റ്റോബര് (H.S.)
തിരുവനന്തപുരം: തെക്കൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്നു. മഴ കനത്ത സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുനിൽക്കുന്ന ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അന്തരീക്ഷ ചുഴിയുമാണ് സംസ്ഥാനത്താകെ വ്യാപക മഴയ്ക്ക് ഇടയാക്കിയിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നിലവിൽ തീവ്ര ന്യൂനമർദമായി (ഡിപ്രഷൻ) ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇത് അടുത്ത മണിക്കൂറുകളിൽ കൂടുതൽ കരുത്താർജ്ജിച്ച് ചുഴലിക്കാറ്റായും തുടർന്ന് അതിതീവ്ര ചുഴലിക്കാറ്റായും (Very Severe Cyclonic Storm) രൂപാന്തരപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം ഈ ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ വിശാഖപട്ടണത്തിനും ബാപട്ലയ്ക്കും മധ്യേ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കരതൊടാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ തെക്കേ ഇന്ത്യൻ തീരങ്ങളിലാകെ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകും.
കേരളത്തിൽ വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടും വെള്ളപ്പൊക്ക സാധ്യതയും നിലനിൽക്കുന്നതിനാൽ അതത് ജില്ലാ ഭരണകൂടങ്ങൾ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ രാത്രിയാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ഏർപ്പെടുത്തി.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടൽാവസ്ഥയും നിലനിൽക്കുന്നതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുരന്തനിവാരണ സേന സജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയതായും പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്നും അധികൃതർ അറിയിച്ചു.
---------------
Hindusthan Samachar / Roshith K