Enter your Email Address to subscribe to our newsletters

Newdelhi, 25 ഒക്റ്റോബര് (H.S.)
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയെ സുരക്ഷാ ഏജൻസികൾ വിജയകരമായി തകർത്തു. കേന്ദ്ര ഏജൻസികളും അസം, മണിപ്പൂർ, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ പോലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന വൻ നീക്കത്തിലൂടെ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സിലൂടെ (X) ഈ നിർണായക നേട്ടം പുറത്തുവിട്ടത്. ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ രാജ്യം വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന കർശന മുന്നറിയിപ്പും അദ്ദേഹം നൽകി.
ഇന്ത്യ, മ്യാൻമർ, ബംഗ്ലാദേശ് അതിർത്തികളിലെ ‘ഡെത്ത് ട്രയാംഗിൾ കോറിഡോർ’ വഴി ലഹരിമരുന്ന് കടത്തിയിരുന്ന വൻ സംഘമാണ് വലയിലായത്. ഒക്ടോബർ 23-ന് അസം, മിസോറാം, മണിപ്പൂർ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ 38 കേന്ദ്രങ്ങളിൽ സുരക്ഷാ ഏജൻസികൾ ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ സംഘം പിടിയിലായത്. ലഹരിക്കടത്തിന് പുറമെ ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും സംഘം നടത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 100 കോടി രൂപയുടെ ഹവാല ഇടപാടുകൾ സംഘം നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. പ്രതികളുമായി ബന്ധപ്പെട്ട 1,424 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കൂടാതെ 17.82 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. റെയ്ഡിൽ 500 ഡിറ്റണേറ്ററുകളും 12 ലക്ഷം രൂപ പണവും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. ലഹരി മാഫിയക്ക് തീവ്രവാദ-അട്ടിമറി ഗ്രൂപ്പുകളുമായും ആയുധക്കടത്തുമായും ബന്ധമുണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് വലിയ തോതിലുള്ള സ്ഫോടകവസ്തുക്കളുടെ ശേഖരം.
2029 ഡിസംബർ 31-ഓടെ ഇന്ത്യയെ പൂർണ്ണമായും ലഹരിമുക്ത രാജ്യമാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ തെളിവാണ് ഈ നടപടിയെന്ന് അമിത് ഷാ വ്യക്തമാക്കി. ലഹരി മാഫിയയുടെ പെട്ടിയിലെ അവസാന ആണിയടിക്കുന്നത് വരെ ഈ വേട്ട തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ലഹരിമരുന്നെന്നും ഇതിനെ തടഞ്ഞില്ലെങ്കിൽ അത് രാജ്യത്തിന്റെ വളർച്ചയെയും യുവതലമുറയെയും തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ ഓപ്പറേഷനിൽ പങ്കാളികളായ കേന്ദ്ര ഏജൻസികളെയും മൂന്ന് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.
അതിർത്തി കടന്നുള്ള ലഹരിക്കടത്തിനെതിരെ രാജ്യം കൈക്കൊള്ളുന്ന കടുത്ത നിലപാടുകളുടെ ഭാഗമായാണ് ഈ ഓപ്പറേഷൻ വിലയിരുത്തപ്പെടുന്നത്. വടക്കുകിഴക്കൻ അതിർത്തികൾ വഴി രാജ്യത്തേക്ക് മാരക ലഹരിമരുന്നുകൾ ഒഴുക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനകൾക്കാണ് ഇതോടെ വലിയ തിരിച്ചടിയേറ്റത്. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ശൃംഖലയിലെ മറ്റു കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
---------------
Hindusthan Samachar / Roshith K