Enter your Email Address to subscribe to our newsletters

New delhi, 26 ഒക്റ്റോബര്‍ (H.S.)
ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. കാമ്പസില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി നടന്നുവന്ന നിരാഹാര സമരത്തിന് ഒടുവിലാണ് സര്‍വകലാശാല ഭരണസമിതിയുടെ സുപ്രധാന പ്രഖ്യാപനം. 2006ല്‍ പിരിച്ചുവിട്ട യൂണിയന് വീണ്ടും നിലവില്‍ വരുന്നതോടെ കാമ്പസില്‍ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.
ഒക്ടോബര്‍ 26ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥി യൂണിയന്റെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഭരണസമിതി അറിയിച്ചിരിക്കുന്നത്. നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ഥികളും അവരുടെ പ്രതിനിധികളും സമര്‍പ്പിച്ച ആവശ്യങ്ങള്‍ പരിഗണിച്ചാണ് രജിസ്ട്രാര്‍ പ്രൊഫസര്‍ മഹ്താബ് ആലം റിസ്വി ഉത്തരവ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ഓടെ കാമ്പസിലെത്തിയ രജിസ്ട്രാര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുകയും ഔദ്യോഗിക നോട്ടിസ് കൈമാറുകയും ചെയ്തു. ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതിഷേധ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് നല്കിയ സസ്പെന്ഷന് ഉത്തരവുകളും കാരണം കാണിക്കല്‍ നോട്ടിസുകളും ഭരണസമിതി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ സമരത്തിനിടെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പ്രതിഷേധത്തിനിടെ സര്‍വകലാശാല ഭരണസമിതിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കും സമൂഹമാധ്യമ പോസ്റ്റുകള്‍ക്കും വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി മാപ്പ് പറയാമെന്ന് വിദ്യാര്‍ഥികള്‍ സമ്മതിച്ചതായും ഉത്തരവില്‍ പറയുന്നു. ഇത്തരം പോസ്റ്റുകള്‍ ഉടനടി പിന്‍വലിക്കാനും നിര്‍ദേശമുണ്ട്. ഉത്തരവ് പുറത്തിറങ്ങിയാലുടന്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.
ഭരണസമിതിയുടെ പ്രഖ്യാപനം സമരം അവസാനിപ്പിക്കാന്‍ പര്യാപ്തമായില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. ഉത്തരവില്‍ വ്യക്തതയില്ലെന്നും രേഖാമൂലമുള്ള കൃത്യമായ ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കി. ഭരണഘടനയ്ക്ക് എന്ന് അംഗീകാരം നല്‍കുമെന്നതിനോ തെരഞ്ഞെടുപ്പ് പ്രക്രിയ എപ്പോള്‍ തുടങ്ങുമെന്നതിനോ കൃത്യമായ സമയപരിധി ഉത്തരവില്‍ പറയുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആരോപണം.
പ്രോക്ടര്‍ രാജിവയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തെക്കുറിച്ചും ഉത്തരവില്‍ പരാമര്‍ശമില്ല. കൃത്യമായ തീരുമാനങ്ങളും വ്യക്തമായ മാര്‍ഗരേഖയുമില്ലാത്ത ഉറപ്പുകള്‍ അംഗീകരിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ തീര്‍ത്തുപറഞ്ഞു. കാമ്പസില്‍ ജനാധിപത്യ അവകാശങ്ങളും അര്‍ഥവത്തായ വിദ്യാര്‍ഥി പ്രാതിനിധ്യവും ഉറപ്പാക്കുകയാണ് സമരത്തിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പ്രമുഖ കേന്ദ്ര സര്‍വകലാശാലകളിലൊന്നായ ജാമിയ മിലിയ ഇസ്ലാമിയയില്‍ വിദ്യാര്‍ഥി യൂണിയന് ഇല്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. 2006ല്‍ അന്നത്തെ ഭരണസമിതിയാണ് ചില അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് യൂണിയന് പിരിച്ചുവിട്ടത്. പിന്നീട് പലതവണ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് രംഗത്തുവന്നെങ്കിലും അധികൃതര്‍ വഴങ്ങിയിരുന്നില്ല. നിലവില്‍ ഡല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല തുടങ്ങിയ മറ്റ് പ്രധാന കലാലയങ്ങളിലെല്ലാം സജീവമായ വിദ്യാര്‍ഥി രാഷ്ട്രീയവും തെരഞ്ഞെടുപ്പും നടക്കുമ്പോഴാണ് ജാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് ഈ അവകാശം നിഷേധിക്കപ്പെട്ടിരുന്നത്.
---------------
Hindusthan Samachar / Sreejith S