Enter your Email Address to subscribe to our newsletters

KANNUR, 26 ഒക്റ്റോബര്‍ (H.S.)
രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന സമീപനമാണ് രാജ്യത്ത് തുടരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. മാസപ്പടിക്കേസിലും അത് തന്നെയാണ് നടക്കുന്നത്. ഇഡി, വിഡി, മോഡി എന്നീ ഘടകങ്ങളുടെ ഏകോപിത ഇടപെടലിനെ സിപിഎം രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും എംവി ഗോവിന്ദന് പ്രതികരിച്ചു. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എഫ്ഐആര്‍ ഇടാന്‍ വിജിലന്‍സിന് നിര്‍ദേശം നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.
''ഇഡി, വിഡി, മോഡി എന്നീ ഘടകങ്ങളുടെ ഏകോപിത ഇടപെടലിനെ സിപിഎം രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടും. ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും സമ്മര്‍ദത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യപരമായ പോരാട്ടം തുടരും. നിയമപരമായ നടപടികളില്‍ പൂര്‍ണ വിശ്വാസമുണ്ട്. സത്യവും നീതിയും ഒടുവില്‍ വിജയിക്കുമെന്ന പ്രതീക്ഷയോടെയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വിരോധികളെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. നിയമവാഴ്ച സംരക്ഷിക്കുന്ന നിലപാടുകള്‍ക്ക് കരുത്ത് പകരുന്ന കോടതി വിധി ജനാധിപത്യ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങളെ ചെറുക്കാന്‍ നിയമപരവും രാഷ്ട്രീയപരവുമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും,'' എംവി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
നാലാഴ്ചത്തേക്കാണ് വിജിലന്‍സ് അന്വേഷണം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തടഞ്ഞത്. പിണറായി ഉള്‍പ്പെടെയുള്ളവരുടെ അപ്പീലുകളില്‍ ഡിവിഷന് ബെഞ്ച് ഇഡിക്കും വിജിലന്‍സിനും നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്ക് ശേഷം അപ്പീലുകള്‍ വീണ്ടും പരിഗണിക്കും. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ അന്വേഷണത്തില്‍ ഇടപെടരുത് എന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. അതേസമയം പിണറായിയുടെയും റിയാസിന്റെയും വീണയുടെയും അപ്പീലുകളെ എതിര്‍ത്ത് ഇഡി അന്വേഷണം സ്റ്റേ ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകന് സിദ്ധാര്‍ത്ഥ് ലൂത്ര, എന്‍ ഹരിഹരന് എന്നിവരാണ് പിണറായിക്കായി ഹാജരായത്. ലൂത്ര ഓണ്‍ലൈനായി ആണ് ഹാജരായത്.
---------------
Hindusthan Samachar / Sreejith S