Enter your Email Address to subscribe to our newsletters

Thrissur, 26 ഒക്റ്റോബര്‍ (H.S.)
ചേരാനല്ലൂര്‍ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന 17 വയസുകാരന്റെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ചുമതലയുള്ള അഡീ ജില്ലാ ജഡ്ജിക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. കുടുംബത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് പ്രതിയുടെ പിതാവിനെതിരെ കേസെടുത്തത്.
17-കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ജയപാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെരൂപവത്കരിക്കും. അപകടത്തിന് കാരണമായ വാഹനത്തിന്റെ ആര്‍.സി. ഉടമയും 17-കാരന്റെ പിതാവുമായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ജഡ്ജിക്കെതിരേ തുടര്‍ നടപടിയെടുക്കുന്നതിന് ഹൈക്കോടതി ജഡ്ജിയുടെ അനുമതിയും വിദഗ്ധ നിയമോപദേശവും തേടും. വിഷയംസംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിയെ വിളിച്ച് അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്നാണ് കേസന്വേഷണത്തിന് എസ്.ഐ.ടി. രൂപവത്കരിക്കാന്‍ തീരുമാനമായത്.
ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.എസ്.) 106-ാം വകുപ്പ് ഉള്‍പ്പെടെ ചുമത്തി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ 17-കാരന്, മുന്‍കാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ അച്ഛന് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ജയപാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തിയും കുടുംബവും അറിയിച്ചു.
പോലീസിന്റെ ഭാഗത്തുനിന്ന് പ്രതിക്ക് അനുകൂലമായ നിലപാടാണുണ്ടായതെന്നും പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍നിന്ന് അച്ഛന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 12 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നപ്പോള്‍, അപകടമുണ്ടാക്കിയ 17-കാരനെ നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ വിട്ടയച്ചതായും മക്കള്‍ കുറ്റപ്പെടുത്തി.
17-കാരന്‍ ആദ്യമായി കാറെടുത്തതാണെന്ന പിതാവിന്റെ വാദം തെറ്റാണെന്നും ജയപാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നു. ഇയാള്‍ സ്ഥിരമായി വാഹനം ഓടിച്ചിരുന്ന ചിത്രങ്ങളും 208 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യമായാണ് അവന്‍ കാറോടിക്കുന്നതെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ഇതില്‍നിന്നുതന്നെ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമം എത്രയുണ്ടെന്ന് മനസ്സിലാക്കാം. പണവും സ്വാധീനവുമുള്ള പ്രതിഭാഗത്തെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. തട്ടുകട നടത്തുന്ന സാധാരണക്കാരായ തങ്ങളുടെ വേദന അധികാരികള്‍ കാണുന്നില്ലെന്നും കുടുംബം ആരോപിച്ചു
---------------
Hindusthan Samachar / Sreejith S