Enter your Email Address to subscribe to our newsletters

Kochi, 26 ഒക്റ്റോബര് (H.S.)
കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക നിയമനടപടികളുമായി പോലീസ്. വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവും കാറിന്റെ ആർ.സി ഉടമയുമായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസന്വേഷണം ചേരാനല്ലൂർ പോലീസിൽ നിന്ന് മാറ്റി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായിട്ടുണ്ട്.
രക്ഷിതാക്കൾക്കെതിരെ കർശന വകുപ്പുകൾപ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം ഓടിക്കാൻ നൽകിയെന്ന കുറ്റത്തിനാണ് ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 199A (MV Act 199A) ചുമത്തി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ആർ.സി ഉടമയും മാതാപിതാക്കളും ഉത്തരവാദികളാകുന്ന വകുപ്പാണിത്. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ മാതാപിതാക്കൾക്ക് തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ലെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
ജാമ്യം റദ്ദാക്കാൻ അപ്പീൽ; അന്വേഷണം ക്രൈംബ്രാഞ്ചിന്അപകടം വരുത്തിയ പതിനേഴുകാരന് ലഭിച്ച ജാമ്യം റദ്ദാക്കാൻ നിയമപരമായ നടപടികൾ തുടങ്ങിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. പ്രതിയുടെ ജാമ്യത്തിനെതിരെ അപ്പീലോ റിവിഷനോ നൽകാൻ പോലീസ് തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഫോൺ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ കാർ അമിതവേഗതയിലായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. നിലവിലുള്ള തെളിവുകൾ വളരെ വ്യക്തമാണെന്നും, ഹൈക്കോടതിയുടെ അനുമതി വാങ്ങുന്നതുൾപ്പെടെയുള്ള കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടുപോകുമെന്നും കമ്മീഷണർ വ്യക്തമാക്കി. ചേരാനല്ലൂർ പോലീസിന്റെ ഭാഗത്തുനിന്ന് പ്രാഥമിക അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ചകൾ പറ്റിയിട്ടുണ്ടെങ്കിൽ അതും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡീഷണൽ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടിസംഭവം പൊതുസമൂഹത്തിലും ജുഡീഷ്യറിയിലും വലിയ ചർച്ചയായതോടെ, വാഹന ഉടമയായ അഡീഷണൽ സെഷൻസ് ജഡ്ജിയോട് ഹൈക്കോടതി രജിസ്ട്രാർ വിശദീകരണം തേടിയിട്ടുണ്ട്. ജഡ്ജിയുടെ മകന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയും തുടർന്നുള്ള സംഭവവികാസങ്ങളും ജുഡീഷ്യറിക്ക് തന്നെ കടുത്ത അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. ജഡ്ജി നൽകുന്ന ഔദ്യോഗിക മറുപടി ലഭിച്ച ശേഷം ഭരണപരമായ കൂടുതൽ തുടർനടപടികൾ സ്വീകരിക്കും.
പോലീസിനെതിരെ ആഞ്ഞടിച്ച് കുടുംബംഅതേസമയം, പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ നീതി ലഭിച്ചില്ലെന്ന ഗുരുതര ആരോപണവുമായി മരിച്ച സ്കൂട്ടർ യാത്രക്കാരന്റെ കുടുംബം രംഗത്തെത്തി. സാധാരണക്കാരന്റെ മകനായിരുന്നു ഇത്തരമൊരു കുറ്റകൃത്യം ചെയ്തതെങ്കിൽ ഇതേ നിയമവും പരിഗണനയും തന്നെയായിരിക്കുമോ അധികാരികൾ കാണിക്കുകയെന്ന് മരിച്ചയാളുടെ മകൾ ഭദ്രകീർത്തി ജയപാലകൃഷ്ണൻ രോഷത്തോടെ ചോദിച്ചു. അപകടത്തിന് പിന്നാലെ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെയും ബന്ധുക്കളുടെയും ശക്തമായ പ്രതിഷേധം തണുപ്പിക്കാൻ മാത്രമാണ് പ്രതിയെ അറസ്റ്റ് ചെയ്ത നാടകം കാണിച്ചതെന്നും, കോടതിയിൽ ഹാജരാക്കി നിമിഷങ്ങൾക്കകം ജാമ്യം നൽകി വിട്ടയക്കുകയാണുണ്ടായതെന്നും അവർ ആരോപിച്ചു. പോലീസിന്റെ മെല്ലെപ്പോക്കിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് വരുംദിവസങ്ങളിൽ ശക്തമായ നിയമപോരാട്ടം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K