ജുഡീഷ്യല് ഉദ്യോഗസ്ഥരുടെ വിരമിക്കല് പ്രായം ഉയര്ത്താന് സുപ്രീം കോടതി; അനുകൂലിച്ച് ചില സംസ്ഥാനങ്ങള്
NEW DELHI, 26 ഒക്റ്റോബര്‍ (H.S.) ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സുപ്രീം കോടതി. 60-ല്‍ നിന്ന് 62 വയസായി ഉയര്‍ത്താനാണ് തീരുമാനം. 14 സംസ്ഥാനങ്ങള്‍ ഇക്കാര്യം സമ്മതിച്ചതായി സുപ്രീം കോടതി സംതൃപ്തി രേഖപ്പെടുത്തി. അതേസമയം വിരമ
Supreme Court


NEW DELHI, 26 ഒക്റ്റോബര്‍ (H.S.)

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സുപ്രീം കോടതി. 60-ല്‍ നിന്ന് 62 വയസായി ഉയര്‍ത്താനാണ് തീരുമാനം. 14 സംസ്ഥാനങ്ങള്‍ ഇക്കാര്യം സമ്മതിച്ചതായി സുപ്രീം കോടതി സംതൃപ്തി രേഖപ്പെടുത്തി. അതേസമയം വിരമിക്കാറായതോ അല്ലെങ്കില്‍ ഇതിനകം വിരമിച്ചതോ ആയ ജഡ്ജിമാര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു.

'ഇത് ഈ കോടതിയുടെ 'പെര്‍സുവേസീവ് ജൂറിസ്ഡിക്ഷനുമായി' (persuasive jurisdiction - നിര്‍ദ്ദേശങ്ങള്‍ നല്‍കി നടപ്പിലാക്കാനുള്ള അധികാരം) ബന്ധപ്പെട്ട വിഷയമാണ്. സുപ്രീം കോടതിയും സംസ്ഥാനങ്ങളും തമ്മിലുള്ള കാര്യമാണിത്,' എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 60 വയസ് പൂര്‍ത്തിയാക്കി സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടി വരുന്ന ജഡ്ജിമാരുടെ വ്യക്തിഗത ഹര്‍ജികള്‍ പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ടായിരുന്നു ഈ പരാമര്‍ശം.

ഇതുവരെ 14 സംസ്ഥാനങ്ങള്‍ വിരമിക്കല്‍ പ്രായം 62 വയസായി ഉയര്‍ത്താന്‍ സമ്മതിച്ചിട്ടുണ്ടെന്നും, മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജി വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ വ്യക്തിഗതമായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിനെ കോടതി അംഗീകരിക്കുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ ദിവസവും ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ വിരമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ഹര്‍ജികള്‍ പരിഗണനയ്ക്കായി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 60-ല്‍ നിന്ന് 62 വയസായി ഉയര്‍ത്താന്‍ സെപ്തംബര്‍ നാലിന് ബെഞ്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഛത്തീസ്ഗഢ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ ഏഴ് സംസ്ഥാനങ്ങളില്‍, ഈ വര്‍ഷം മാര്‍ച്ച് 31-നോ അതിനുശേഷമോ വിരമിച്ച ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക്, മറ്റൊരു ജോലിയില്‍ പ്രവേശിച്ചിട്ടില്ലെങ്കില്‍, സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ അവസരം നല്‍കണമെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍, ഇതിനായി ബന്ധപ്പെട്ട ഹൈക്കോടതി ഉദ്യോഗസ്ഥരുടെ യോഗ്യതയും അനുയോജ്യതയും വിലയിരുത്തേണ്ടതുണ്ട്. ഈ ഭേദഗതികള്‍ രണ്ട് മാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. 'ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതുവരെ, ബന്ധപ്പെട്ട ഹൈക്കോടതി നടത്തുന്ന യോഗ്യതാ-പ്രകടന വിലയിരുത്തലിന് വിധേയമായി, 60 വയസ് പൂര്‍ത്തിയായ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് 62 വയസ് വരെ സര്‍വീസില്‍ തുടരാം,' എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബിഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കേരളം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ജമ്മു കശ്മീര്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

സാമ്പത്തിക ബാധ്യത ഒരു കാരണമായി ചൂണ്ടിക്കാട്ടി ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്ന വിഷയം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News