Enter your Email Address to subscribe to our newsletters

Kochi, 26 ഒക്റ്റോബര്‍ (H.S.)
മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുമബത്തിനും ആശ്വാസം. പിണറായി വിജയന്‍ മകള്‍ വീണ, മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരായ വിജലന്‍സ് അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്.ഐ.ആര്‍ ഇടാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പിണറായി ഉള്‍പ്പെടെയുള്ളവരുടെ അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ജസ്റ്റിസുമാരായ കെ.നടരാജന്‍, ജസ്റ്റി ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നാലാഴ്ചത്തേക്കാണ് വിജിലന്‍സ് അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. പിണറായി ഉള്‍പ്പെടെയുള്ളവരുടെ അപ്പീലുകളില്‍ ഡിവിഷന്‍ ബെഞ്ച് ഇ.ഡിക്കും വിജിലന്‍സിനും നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്ക് ശേഷം അപ്പീലുകള്‍ വീണ്ടും പരിഗണിക്കും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ അന്വേഷണത്തില്‍ ഇടപെടരുത് എന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. അതേസമയം പിണറായിയുടെയും റിയാസിന്റെയും വീണയുടെയും അപ്പീലുകളെ എതിര്‍ത്ത് ഇ.ഡി. അന്വേഷണം സ്റ്റേ ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര, എന്‍.ഹരിഹരന്‍ എന്നിവരാണ് പിണറായിക്കായി ഹാജരായത്. ലൂത്ര ഓണ്‍ലൈനായി ആണ് ഹാജരായത്.
പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സാമ്പത്തിക ഇടപാടുകളടങ്ങിയ തെളിവുകള്‍ ലഭിച്ചിരുന്നു. അന്വേഷണത്തിനിടെ ഡയറി ലഭിച്ചു. മുന്‍ മുഖ്യമന്ത്രിയുടെ പേരുണ്ട്, മുന്‍ മന്ത്രിയുടെ ഭാര്യയുണ്ട്, അതനുസരിച്ചാണ് ഡി.ജി.പിക്ക് ശുപാര്‍ശ കത്ത് നല്‍കിയത്. അഴിമതി നിരോധന നിയമപ്രകാരം ഇ.ഡിക്ക് കേസ് എടുക്കാന്‍ ആവില്ല. അതുകൊണ്ടാണ് PMLA നിയമപ്രകാരം ഡി.ജി.പിക്ക് കത്ത് നല്‍കിയതെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. അതിനിടെ ഹര്‍ജിക്കാരനായ കെ.എം. ഷാജഹാനെതിരെയും ഹൈക്കോടതി വിമര്‍ശനമുണ്ടായി.
കേസ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണമെന്ന് നിര്‍ദേശിച്ചുള്ള സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് ഹൈക്കോടതിയില്‍ പിണറായി വിജയനടക്കമുള്ളവര്‍ ഹാജരാക്കിയിരുന്നു. 10 ദിവസത്തേക്കാണ് കേസിന്റെ അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ നിലവിലുള്ളത്. അപ്പീല്‍ പരിഗണിക്കാന്‍ നിര്‍ദേശമുള്ള സാഹചര്യത്തില്‍ ഇടക്കാല സംരക്ഷണം നീട്ടണമെന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലും ആവശ്യപ്പെട്ടു. സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം അനുസരിച്ചാണ് കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എഫ്.ഐ.ആര്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കേസിന്റെ തുടരന്വേഷണത്തിന് മാത്രമാണ് നിലവില്‍ സ്റ്റേ അനുവദിച്ചിട്ടുള്ളത്. അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വീണ്ടും മെറിറ്റില്‍ പരിഗണിക്കാനുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.
---------------
Hindusthan Samachar / Sreejith S