Enter your Email Address to subscribe to our newsletters

Patna , 26 ഒക്റ്റോബര് (H.S.)
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരേതനായ പിതാവിനെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ബിഹാർ പൊലീസിൽ പരാതി നൽകി. ബിഹാറിലെ പട്നയിലുള്ള കൊട്വാലി പൊലീസ് സ്റ്റേഷനിലാണ് ബിജെപി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കൃഷ്ണ സിംഗ് കല്ലു ഖാർഗെയ്ക്കെതിരെ രേഖാമൂലം പരാതി സമർപ്പിച്ചത്. ബിഹാറിന്റെ പ്രഥമ മുഖ്യമന്ത്രി ഡോ. ശ്രീകൃഷ്ണ സിൻഹയുടെ 139-ാം ജന്മവാർഷികാഘോഷ ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം.
പട്നയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ഖാർഗെ പ്രസംഗിച്ചുകൊണ്ടിരിക്കെ സദസ്സിലുണ്ടായിരുന്ന ഒരാൾ മോദി പോകില്ല എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇതോടെ ക്ഷുഭിതനായ ഖാർഗെ മോദിയുടെ അച്ഛനും പോകും എന്ന് ഹിന്ദിയിൽ (മോദി കാ ബാപ് ഭി ജായേഗാ) മറുപടി പറയുകയായിരുന്നു. ഈ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയത്. പ്രസംഗം തടസ്സപ്പെടുത്തിയ ആളെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായും ഹാളിൽ നിന്ന് ബലമായി പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രിയുടെ അന്തരിച്ച പിതാവിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ച ഖാർഗെക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. രാജ്യത്തെ പരമോന്നത പദവി വഹിക്കുന്ന നേതാവിനെയും കുടുംബത്തെയും മനപ്പൂർവ്വം അവഹേളിക്കാനാണ് ഖാർഗെ ശ്രമിച്ചതെന്നും, പൊതുവേദിയിൽ ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രസ്താവനകൾ നടത്തിയതിന് മാപ്പ് പറയണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
അതേസമയം, പരിപാടിയിൽ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഖാർഗെ ഉന്നയിച്ചത്. രാജ്യത്ത് നടക്കുന്ന വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യ സമരം എന്നാണ് ഖാർഗെ വിശേഷിപ്പിച്ചത്. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്നും, കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നും അദ്ദേഹം വേദിയിൽ ആവശ്യപ്പെട്ടു.
ആർഎസ്എസിന്റെയും ബിജെപിയുടെയും വിഭജന രാഷ്ട്രീയം രാജ്യത്തെ ഐക്യത്തെ തകർക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിനെതിരായ മറ്റ് രാഷ്ട്രീയ വിമർശനങ്ങളെല്ലാം മറികടന്ന്, പ്രധാനമന്ത്രിയുടെ പിതാവിനെതിരായ വ്യക്തിപരമായ അധിക്ഷേപം ഇപ്പോൾ ദേശീയതലത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പുതിയ പോർമുഖമായി മാറിയിരിക്കുകയാണ്. വിഷയത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Roshith K