Enter your Email Address to subscribe to our newsletters

Luknow, 26 ഒക്റ്റോബര്‍ (H.S.)
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ലഖ്നൗവില്‍ നിന്ന് സുല്‍ത്താന്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഹലിയാപൂര്‍ അതിര്‍ത്തിയില്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ്വേയിലായിരുന്നു സംഭവം. അപകടത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനം സുരക്ഷിതമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
രാവിലെ 10.15-ഓടെയായിരുന്നു അപകടമുണ്ടായത്. രാഹുല്‍ ഗാന്ധിയുടെ കാറിന് തൊട്ടുപിന്നാലെ സഞ്ചരിച്ചിരുന്ന അഞ്ച് അകമ്പടി വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. വാഹനവ്യൂഹത്തിന് മുന്നിലുണ്ടായിരുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സ്വകാര്യ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് പിന്നാലെയെത്തിയ വാഹനങ്ങള്‍ പരസ്പരം ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനവ്യൂഹത്തിന്റെ ഭാഗമായ ആംബുലന്‍സും അപകടത്തില്‍പ്പെട്ടു.
അപകടത്തിന്റെ കൃത്യമായ കാരണം, വ്യാപ്തി, ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. അപകടത്തിനുശേഷം വാഹനവ്യൂഹം ഉടന്‍തന്നെ സുല്‍ത്താന്‍പൂരിലേക്കുള്ള യാത്ര പുനരാരംഭിച്ചതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഹലിയാപൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതവും വൈകാതെ പുനഃസ്ഥാപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
തനിക്കെതിരെയുള്ള മാനനഷ്ടക്കേസിന്റെ കോടതി നടപടികള്‍ക്കായി ലഖ്നൗവില്‍ നിന്ന് സുല്‍ത്താന്‍പൂരിലേക്കുള്ള യാത്രയിലായിരുന്നു രാഹുല്‍.
---------------
Hindusthan Samachar / Sreejith S