Enter your Email Address to subscribe to our newsletters

New delhi, 26 ഒക്റ്റോബര്‍ (H.S.)
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമആറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്താനിരിക്കുന്ന പ്രതിഷേധ റാലി മാറ്റിവെക്കണമെന്ന വ്യാപാരി സംഘടനയുടെ ആവശ്യത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാന്‍ ആവശ്യപ്പെടണമെന്നും, അങ്ങനെ ചെയ്താല്‍ വെറും 30 സെക്കന്‍ഡിനുള്ളില്‍ ഈ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യാപാരികള്‍ക്ക് മറുപടി നല്‍കി.
ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നവംബര്‍ ഒന്നിന് നടത്താനിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ റാലി നവംബര്‍ 10 ലേക്ക് മാറ്റിവെക്കണമെന്നാണ് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആവശ്യം. രാംലീല മൈതാനത്തിന് ചുറ്റുമുള്ള മൊത്ത, ചില്ലറ വ്യാപാര വിപണികളെ ഈ റാലി ബാധിച്ചേക്കാമെന്ന് സി.ടി.ഐ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. തിരക്കേറിയ വ്യാപാര സീസണാണ് എന്നും 10,000 കോടി രൂപയുടെ കച്ചവടത്തെ റാലി ബാധിക്കുമെന്നും സംഘടന വ്യക്തമാക്കി.
'ഡല്‍ഹിയിലെ ഓരോ വ്യാപാരിയോടും ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളുടെ ആശങ്കകള്‍ ഞങ്ങള്‍ കേള്‍ക്കുന്നു. സര്‍ക്കാര്‍ മെട്രോ അടച്ചു, റോഡുകള്‍ സീല്‍ ചെയ്തു, തലസ്ഥാന നഗരിയെത്തന്നെ ലോക്ക്ഡൗണിലാക്കി. വോട്ട് കവര്‍ച്ച ചെയ്യപ്പെട്ടാല്‍ പിന്നെ ഒന്നും സുരക്ഷിതമല്ല നിങ്ങളുടെ കടയായാലും, സമ്പാദ്യമായാലും, മക്കളുടെ ഭാവിയായാലും' രാഹുല്‍ ഗാന്ധി പറഞ്ഞു.
ആഘോഷങ്ങള്‍ക്ക് ഒരാഴ്ച മുമ്പ് വിപണികളില്‍ തിരക്ക് വര്‍ധിക്കാറുണ്ടെന്നും, അതിനാല്‍ റാലി നടക്കുന്ന സമയം വ്യാപാരികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും വ്യാപാരി സംഘടന അറിയിച്ചു. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' ബ്ലോക്കിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവിനോട്, റാലി നവംബര്‍ 10-ന് ശേഷം നടത്തുന്നത് പരിഗണിക്കണമെന്ന് വ്യാപാരികളുടെ സംഘടന അഭ്യര്‍ഥിച്ചു. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിലൊന്നായ ഈ കാലയളവില്‍, റാലി മാറ്റിവെക്കുന്നത് വ്യാപാര പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S