ജമ്മു കശ്മീരില് ഒമര് മന്ത്രിസഭാ പുനഃസംഘടിപ്പിച്ചു; നാല് പുതിയ മന്ത്രിമാര്
Srinagar, 27 ഒക്റ്റോബര്‍ (H.S.) ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഷമീമ ഫിര്‍ദൗസ്, അലി സാഗര്‍, മിര്‍ സൈഫുല്ല, അല്‍താഫ് കാലു എന്നിവര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ലോ
cabin


Srinagar, 27 ഒക്റ്റോബര്‍ (H.S.)

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഷമീമ ഫിര്‍ദൗസ്, അലി സാഗര്‍, മിര്‍ സൈഫുല്ല, അല്‍താഫ് കാലു എന്നിവര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. മന്ത്രിമാരായ ജാവേദ് റാണ, സതീഷ് ശര്‍മ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സതീഷ് ശര്‍മയെ ഒഴിവാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. എന്നാല്‍ ജാവേദ് റാണയെയാണോ അതോ മറ്റേതെങ്കിലും മന്ത്രിയെയാണോ പുതിയ ആളുകള്‍ക്ക് അവസരം നല്‍കാനായി പുറത്താക്കുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പുതിയതായി മന്ത്രിസഭയില്‍ എത്തുന്നവര്‍ക്ക് നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി വൈകിയാണ് അറിയിപ്പ് ലഭിച്ചത്. കുപ്വാരയില്‍ നിന്നുള്ള നാല് തവണ എംഎല്‍എയായ മിര്‍ സൈഫുല്ല തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയോട് നന്ദി അറിയിച്ചു. 2019ലെ പുനഃസംഘടനാ നിയമപ്രകാരം 90 അംഗങ്ങളുള്ള ജമ്മു കശ്മീര്‍ നിയമസഭയില്‍ ആകെ അംഗബലത്തിന്റെ 10 ശതമാനം പേര്‍ക്ക് മാത്രമേ മന്ത്രിസഭയുടെ ഭാഗമാകാന്‍ കഴിയൂ. മുഖ്യമന്ത്രിയെ കൂടാതെ പരമാവധി എട്ട് മന്ത്രിമാരെ മാത്രമേ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

അതേസമയം സംസ്ഥാന പദവി ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാരില്‍ ചേരാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചു. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാരയ്ക്ക് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ ചേരാന്‍ വിസമ്മതിച്ച അദ്ദേഹം സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് ആവര്‍ത്തിച്ചു.

മന്ത്രിസഭാ വികസനത്തില്‍ ഭരണകക്ഷിയിലെ പല എംഎല്‍എമാര്‍ക്കും അതൃപ്തിയുണ്ട്. താന്‍ 20 സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും നാല് തവണ എംഎല്‍എ ആയിട്ടും തന്നെ വീണ്ടും തഴഞ്ഞുവെന്നും മുതിര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുബാരിക് ഗുല്‍ പ്രതികരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത എംഎല്‍എ അബ്ദുല്‍ മജീദ് ലാര്‍മിയും തനിക്ക് മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണെന്നും ലഭിക്കാത്തതില്‍ വിഷമമുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തില്‍ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News