Enter your Email Address to subscribe to our newsletters

Luknow, 27 ഒക്റ്റോബര്‍ (H.S.)
ലഖ്നൗ: ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് റെയിൽവേസ്. എട്ട് വിക്കറ്റിനായിരുന്നു റെയിൽവേയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ 110 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റെയിൽവേസ് 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. തകർപ്പൻ ഫോമിലുള്ള കിരൺ നവ്ഗിരെ 14 റൺസെടുത്ത് നിൽക്കെ റണ്ണൗട്ടായി മടങ്ങി. അതേ ഓവറിൽ തന്നെ ടി. ഷാനി (0) കൂടി പുറത്തായതോടെ രണ്ട് വിക്കറ്റിന് 16 റൺസെന്ന നിലയിലായിരുന്നു കേരളം. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന എ. അക്ഷയയും വി. ദൃശ്യയും ചേർന്ന് കൂട്ടിച്ചേർത്ത 73 റൺസാണ് കേരളത്തെ കരകയറ്റിയത്. സ്കോർ 89-ൽ നിൽക്കെ 42 റൺസെടുത്ത ദൃശ്യ പുറത്തായി. അതേ ഓവറിൽ തന്നെ സജന സജീവനും മടങ്ങി. 35 റൺസെടുത്ത അക്ഷയ കൂടി പുറത്തായതോടെ കൂട്ടത്തകർച്ചയ്ക്ക് തുടക്കമായി. തുടർന്നെത്തിയ ബാറ്റർമാരിൽ ഒരാൾ പോലും രണ്ടക്കം കണ്ടില്ല. വെറും 21 റൺസ് എടുക്കുന്നതിനിടെയാണ് കേരളത്തിന് എട്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടത്. റെയിൽവേസിന് വേണ്ടി ഏക്ത ബിഷ്ട് നാലും തനൂജ കൻവർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റെയിൽവേസ് റിയ ചൗധരിയുടെയും ആരുഷി ഗോയലിന്റെയും ഇന്നിങ്സുകളുടെ മികവിൽ എട്ട് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. റിയ ചൗധരി 36 റൺസ് എടുത്തപ്പോൾ ആരുഷി ഗോയൽ 61 റൺസുമായി പുറത്താകാതെ നിന്നു.
---------------
Hindusthan Samachar / Sreejith S