Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ഒക്റ്റോബര് (H.S.)
തിരുവനന്തപുരം: പതിനേഴുകാരൻ ഓടിച്ച വാഹനം അപകടമുണ്ടാക്കിയ സംഭവത്തിൽ പ്രതിയായ കുട്ടിയുടെ പിതാവും അഡീഷണൽ ജഡ്ജിയുമായ ഉദ്യോഗസ്ഥനെ പോലീസ് ചോദ്യം ചെയ്തു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് പോലീസ് സംഘം നേരിട്ടെത്തിയാണ് ജഡ്ജിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
പ്രതിയുടെയും പിതാവിന്റെയും മൊഴികൾവാഹനം ഓടിക്കാനുള്ള കൊതി കാരണം വീട്ടുകാർ അറിയാതെ കാറെടുത്ത് കൊണ്ടുപോയതാണെന്നാണ് പതിനേഴുകാരൻ പോലീസിന് നൽകിയ മൊഴി. യൂട്യൂബ് നോക്കിയാണ് താൻ ഡ്രൈവിംഗ് പഠിച്ചതെന്നും കുട്ടി അവകാശപ്പെട്ടു. എന്നാൽ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൃത്യമായ പ്രായോഗിക പരിശീലനവും മുൻപരിചയവുമില്ലാതെ തിരക്കേറിയ റോഡിൽ വാഹനം ഓടിക്കാൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ഇതിന് മുൻപും കുട്ടി വാഹനം ഓടിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവദിവസം മകൻ വാഹനം എടുത്തുകൊണ്ടുപോയ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജിയുടെ മൊഴി. പിറ്റേന്ന് ഞായറാഴ്ചയായതിനാൽ താൻ വൈകിയെ ഉറക്കമുണരുകയുള്ളൂവെന്ന് മകൻ വാട്സാപ്പിൽ സന്ദേശമയച്ചിരുന്നുവെന്നും അദ്ദേഹം പോലീസിനോട് വ്യക്തമാക്കി.
പോലീസിന്റെ സംശയം; അന്വേഷണം ഊർജ്ജിതംപ്രതിയുടെയും പിതാവിന്റെയും മൊഴികൾ പൂർണ്ണമായി മുഖവിലയ്ക്കെടുക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം കൈമാറിയതിലും ഉപയോഗിക്കാൻ സാഹചര്യമൊരുക്കിയതിലും രക്ഷിതാവിന് പങ്കുണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദമായ പരിശോധനകളിലേക്ക് അന്വേഷണസംഘം കടന്നിട്ടുണ്ട്. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും വാട്സാപ്പ് സന്ദേശങ്ങളും കേന്ദ്രീകരിച്ചുള്ള തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
---------------
Hindusthan Samachar / Roshith K