Enter your Email Address to subscribe to our newsletters

Thiruvanathapuram, 27 ഒക്റ്റോബര്‍ (H.S.)
ജഡ്ജിയുടെ മകനായ 17 വയസുകാരന് പ്രതിയായ ചേരാനല്ലൂര്‍ വാഹനാപകട വിഷയത്തിലെ പോലീസ് വീഴ്ചയില്‍ നടപടി. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ചേരാനല്ലൂര്‍ എസ്എച്ച്ഒ വിശ്വജിത്, സിഐ രാംകുമാര്‍, ഗ്രേഡ് എസ്ഐ മനോജ്, ഗ്രേഡ് എഎസ്ഐ അരുണ്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പതിനേഴുകാരനെ രക്ഷിക്കാന്‍ശ്രമിച്ചു എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
പൊലീസിന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാന്‍ എഡിജിപി പി.വിജയന് ചേരാനല്ലൂര്‍ സ്റ്റേഷനില്‍ നേരിട്ടെത്തിയിരുന്നു. എഡിജിപി റിപ്പോര്‍ട്ട് ഡിജിപിക്ക് മെയില്‍ ചെയ്തതിനു പിന്നാലെയാണ് നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. ആദ്യഘട്ടത്തില്‍ തെളിവ് ശേഖരിക്കുന്നതിലുണ്ടായ വീഴ്ച, എഫ്ഐആര്‍ ഇടുന്നതിലുണ്ടായ കാലതാമസം, നാട്ടുകാര്‍ അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകളില്‍ നിന്നും അവ ഡിലീറ്റ് ചെയ്ത സംഭവം എന്നീ വീഴ്ചകള്‍ പൊലീസിനു സംഭവിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. വീഴ്ച സംഭവിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇന്ന് നിയമസഭയില്‍ ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കിയിരുന്നു.
ചേരാനല്ലൂര്‍ അപകടം: സംസാരിച്ച് മുഖ്യമന്ത്രി, സമരം താല്‍ക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
അഡിഷനല്‍ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പറവൂര്‍ മാഞ്ഞാലി താമരമുക്ക് പുത്തന്‍പറമ്പില്‍ ജയബാലകൃഷ്ണനാണ് (55) ഞായറാഴ്ച പുലര്‍ച്ചെ ചേരാനല്ലൂരിലുണ്ടായ അപകടത്തില്‍ മരിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ വാഹന ഉടമ അല്ലെങ്കില്‍ രക്ഷിതാവിനെതിരെ കേസെടുക്കാമെന്ന മോട്ടര്‍ വാഹന നിയമത്തിലെ 199എ വകുപ്പു ചുമത്തിയാണു കേസ്. 3 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
ജയബാലകൃഷ്ണന്റെ കുടുംബം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ്, അപകടമുണ്ടായി 32 മണിക്കൂറിനു ശേഷം പൊലീസ് കേസെടുത്തത്. എന്നാല്‍, ജഡ്ജിക്കെതിരെയുള്ള നടപടിക്കു ഹൈക്കോടതിയുടെ അനുമതി തേടാനുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നു പൊലീസ് പറയുന്നു. ജയബാലകൃഷ്ണന്റെ മക്കള്‍ ഇന്നലെയും ചേരാനല്ലൂര്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അടിയന്തര ഇടപെടലുണ്ടാകുമെന്നു മന്ത്രി രമേശ് ചെന്നിത്തല നല്കിയ ഉറപ്പില്‍ രാത്രി ഒന്‍പതോടെ സമരം അവസാനിപ്പിച്ചു. ഇന്ന് എഡിജിപി പി.വിജയന് കുടുംബത്തെ കാണും. മുഖ്യമന്ത്രി വി.ഡി.സതീശന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തിയുമായി ഫോണില്‍ സംസാരിച്ചു.
---------------
Hindusthan Samachar / Sreejith S