സിഇസിക്കെതിരായ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ; എല്ലാ തീരുമാനങ്ങളും ഏകകണ്ഠം, ഫോം 6-ൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം
Newdelhi, 27 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങൾ പൂർണ്ണമായി തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇന്
സിഇസിക്കെതിരായ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ; എല്ലാ തീരുമാനങ്ങളും ഏകകണ്ഠം, ഫോം 6-ൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം


Newdelhi, 27 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങൾ പൂർണ്ണമായി തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ഉത്തരവുകൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പുറപ്പെടുവിച്ചതെന്നും, കമ്മീഷനിലെ മൂന്ന് അംഗങ്ങളും ഏകകണ്ഠമായാണ് ഇവ അംഗീകരിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും രണ്ട് ഇലക്ഷൻ കമ്മീഷണർമാർക്കും വേണ്ടി സംയുക്തമായാണ് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

മാധ്യമവാർത്തകളെ അടിസ്ഥാനമാക്കിയുള്ള ഹർജിമറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അനുമതിയില്ലാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്വന്തം നിലയ്ക്ക് സുപ്രധാന തീരുമാനങ്ങൾ എടുത്തുവെന്നും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള 'ഫോം 6'-ൽ തിരുത്തലുകൾ വരുത്തിയെന്നും ആരോപിച്ചായിരുന്നു ഹർജി. എന്നാൽ ഒരു മാധ്യമ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കിയാണ് ഈ ഹർജി നൽകിയിട്ടുള്ളതെന്നും ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

2025 ജൂൺ 24, 2025 ഒക്ടോബർ 27, 2026 മേയ് 14 എന്നീ തീയതികളിൽ പുറപ്പെടുവിച്ച മൂന്ന് എസ്ഐആർ ഉത്തരവുകളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും ചേർന്നാണ് ഐകകണ്ഠ്യേന പാസാക്കിയത്. ഏതൊരു തീരുമാനമെടുക്കുന്നതിന് മുൻപും ഉദ്യോഗസ്ഥരുടെയും കമ്മീഷണർമാരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിശദമായി പരിശോധിക്കാറുണ്ട്. ഫയലുകൾ ഓരോ കമ്മീഷണറുടെയും പരിഗണനയ്ക്ക് ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മുന്നിലെത്തുന്നത്. തുടർന്ന് എല്ലാവരുടെയും ഒപ്പോടെ രേഖപ്പെടുത്തിയ തീരുമാനങ്ങൾ മാത്രമേ ഔദ്യോഗിക ഉത്തരവുകളായി സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കാറുള്ളൂവെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. കമ്മീഷണർമാർ പരസ്പരം പങ്കുവെക്കുന്ന നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഔദ്യോഗിക തീരുമാനങ്ങളല്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

ഫോം 6-ൽ ഭേദഗതി വരുത്തിയിട്ടില്ലവോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള 'ഫോം 6'-ൽ കമ്മീഷൻ മാറ്റം വരുത്തിയെന്ന വാദവും തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. ഫോം 6-ൽ മാറ്റം വരുത്താനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണുള്ളത്. എന്നാൽ ഒക്ടോബർ 21 മുതൽ ഓൺലൈൻ പോർട്ടലിൽ അപേക്ഷാ ഫോമും ഡിക്ലറേഷൻ (സത്യപ്രസ്താവന) ഫോമും വെവ്വേറെയാക്കി മാറ്റിയിരുന്നു. ഓൺലൈൻ പോർട്ടലിൽ അവ പ്രദർശിപ്പിച്ച രീതി കാരണമാകാം ഫോം 6 മാറ്റിയെന്ന തെറ്റിദ്ധാരണ ഉണ്ടായതെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

കൂടാതെ, വോട്ടർപട്ടികയിൽ വിവരങ്ങൾ ചേർക്കാത്ത വോട്ടർമാരെ നേരിട്ട് ഹിയറിംഗിന് വിളിപ്പിക്കേണ്ടതില്ലെന്നും, ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) അവരുടെ വീടുകളിലെത്തി രേഖകൾ ശേഖരിക്കുകയാണ് ചെയ്യുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവില്ലാതെ ഒരു വോട്ടറുടെ പേരും പട്ടികയിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നില്ല. ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ സുപ്രീം കോടതി ജഡ്ജിയെ നീക്കുന്നതിന് സമാനമായതിനാൽ സിഇസിക്കെതിരായ ഇത്തരം ഹർജികൾ നിലനിൽക്കില്ലെന്നും കമ്മീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കമ്മീഷൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News