പ്രതിരോധ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം: മാതംഗിയും വരുണയും 1.18 ലക്ഷം അടി ഉയരത്തിൽ നിന്ന് വിക്ഷേപിക്കാവുന്ന യുഎവിയും ഇന്ത്യക്ക് കരുത്താകുന്നു
Newdelhi, 27 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: അത്യാധുനിക സാങ്കേതികവിദ്യകളുടെയും തദ്ദേശീയ കണ്ടുപിടിത്തങ്ങളുടെയും കരുത്തിൽ പ്രതിരോധ രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ. മനുഷ്യസഹായമില്ലാതെ കടലിലൂടെ 1,500 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള ആളില്ലാ ബോട്ട്, മ
പ്രതിരോധ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം: മാതംഗിയും വരുണയും 1.18 ലക്ഷം അടി ഉയരത്തിൽ നിന്ന് വിക്ഷേപിക്കാവുന്ന യുഎവിയും ഇന്ത്യക്ക് കരുത്താകുന്നു


Newdelhi, 27 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: അത്യാധുനിക സാങ്കേതികവിദ്യകളുടെയും തദ്ദേശീയ കണ്ടുപിടിത്തങ്ങളുടെയും കരുത്തിൽ പ്രതിരോധ രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ. മനുഷ്യസഹായമില്ലാതെ കടലിലൂടെ 1,500 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള ആളില്ലാ ബോട്ട്, മനുഷ്യരെ വഹിച്ച് പറക്കാൻ കഴിയുന്ന പൈലറ്റില്ലാ വിമാനം, ഭൗമാന്തരീക്ഷത്തിന് തൊട്ടുമുകളിൽ 1.18 ലക്ഷം അടി ഉയരത്തിൽ നിന്ന് വിക്ഷേപിക്കാവുന്ന സ്ട്രാറ്റോസ്ഫെറിക് ആളില്ലാ വിമാനം (യുഎവി) എന്നിവ വികസിപ്പിച്ച് തദ്ദേശീയ പ്രതിരോധ മേഖല പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. കടലിലും ആകാശത്തും ഒരേപോലെ ഇന്ത്യയുടെ സുരക്ഷാക്കവചം ശക്തമാക്കുന്നതാണ് ഈ മുന്നേറ്റങ്ങൾ.

കടലിൽ തരംഗമായി 'മാതംഗി'പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സാഗർ ഡിഫൻസ് എൻജിനീയറിങ്' എന്ന സ്ഥാപനമാണ് 'മാതംഗി' എന്ന ഓട്ടോണമസ് സർഫേസ് വെസൽ (ASV) വികസിപ്പിച്ചെടുത്തത്. മനുഷ്യരുടെ യാതൊരുവിധ ഇടപെടലുമില്ലാതെ കടലിൽ ദീർഘദൂരം സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ആളില്ലാ ബോട്ടാണിത്. മുംബൈയിൽ നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടി വരെയുള്ള ഏകദേശം 1,500 കിലോമീറ്റർ ദൂരം ഈ ബോട്ട് സ്വയം വിജയകരമായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.

ഓട്ടോണമസ് നാവിഗേഷൻ, കൂട്ടിയിടികൾ ഒഴിവാക്കാനുള്ള കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളാണ് മാതംഗിയിൽ ഒരുക്കിയിട്ടുള്ളത്. ചുറ്റുപാടുകൾ കൃത്യമായി വിലയിരുത്തി സുരക്ഷിതമായ പാത കണ്ടെത്താൻ ബോട്ടിന് സ്വന്തമായി കഴിയും. തീരദേശ നിരീക്ഷണത്തിനും സുരക്ഷാ ദൗത്യങ്ങൾക്കും ഇത് നാവികസേനയ്ക്ക് വലിയ മുതൽക്കൂട്ടാകും.

മനുഷ്യനെ വഹിച്ച് പറക്കുന്ന 'വരുണ'സാഗർ ഡിഫൻസ് എൻജിനീയറിങ് തന്നെ വികസിപ്പിച്ചെടുത്ത മറ്റൊരു വിസ്മയമാണ് 'വരുണ' എന്ന പൈലറ്റില്ലാ വ്യോമവാഹനം. മനുഷ്യരെ സുരക്ഷിതമായി വഹിച്ച് സഞ്ചരിക്കാൻ ശേഷിയുള്ള ഈ ഡ്രോൺ പ്ലാറ്റ്ഫോം ഇന്ത്യൻ നാവികസേനയുടെ 'സ്വാവലംബൻ' പരിപാടിയിൽ പ്രദർശിപ്പിച്ചിരുന്നു.

ഏകദേശം 150 കിലോഗ്രാം ഭാരം വഹിക്കാൻ വരുണയ്ക്ക് ശേഷിയുണ്ട്. സ്വയം ടേക്ക് ഓഫും ലാൻഡിംഗും നടത്താൻ ഇതിന് സാധിക്കും. യുദ്ധക്കപ്പലുകൾക്കിടയിൽ അവശ്യസാധനങ്ങളും സാങ്കേതിക ഉപകരണങ്ങളും കൈമാറുന്നതിനും, അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും ഇത് പ്രയോജനപ്പെടും. ഭാവിയിൽ മെഡിക്കൽ എമർജൻസി ഘട്ടങ്ങളിൽ രോഗികളെ അതിവേഗം മാറ്റുന്നതിനും ഇത്തരം എയർക്രാഫ്റ്റുകൾ വലിയ പങ്കുവഹിക്കും.

1.18 ലക്ഷം അടി ഉയരത്തിൽ നിന്ന് വിക്ഷേപിക്കാവുന്ന യുഎവിബഹിരാകാശ സ്റ്റാർട്ടപ്പായ 'കലാം ലാബ്സ്' വികസിപ്പിച്ചെടുത്ത സ്ട്രാറ്റോസ്ഫെറിക് അൺമാൻഡ് ഏരിയൽ വെഹിക്കിൾ (യുഎവി) ആണ് മറ്റൊരു പ്രധാന ചുവടുവെപ്പ്. ബലൂൺ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി ഭൂമിയിൽ നിന്ന് 1,18,000 അടിയിലധികം ഉയരത്തിൽ വെച്ച് യുഎവി വിക്ഷേപിക്കാൻ സാധിക്കും. പരമ്പരാഗത ഡ്രോൺ വിക്ഷേപണ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തവും വിപ്ലവകരവുമാണിത്. അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിൽ നിന്നുള്ള അതിർത്തി നിരീക്ഷണത്തിനും പ്രതിരോധ ഗവേഷണങ്ങൾക്കും ഇത് നിർണായക കരുത്തുപകരും. കടലിലും ആകാശത്തും തദ്ദേശീയമായി രൂപപ്പെടുത്തിയ ഈ മുന്നേറ്റങ്ങൾ ഇന്ത്യയെ ആഗോള പ്രതിരോധരംഗത്ത് കൂടുതൽ കരുത്തുറ്റതാക്കി മാറ്റുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News