Enter your Email Address to subscribe to our newsletters

New delhi, 27 ഒക്റ്റോബര്‍ (H.S.)
എസ്‌ഐആറിന് എതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സാമൂഹിക മാധ്യമങ്ങളില്‍ ശിവസ്തുതി പങ്കുവെച്ച് രാഹുല്‍ ഗാന്ധി. മൂന്ന് വെള്ള വരകളും മധ്യത്തില്‍ ചുവന്ന തിലകവുമുള്ള ശിവ ചിഹ്നത്തോടൊപ്പം 'സത്യം ശിവം സുന്ദരം' എന്ന സംസ്‌കൃത വാക്യവുമാണ് രാഹുല്‍ പങ്കുവെച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള 'ഇന്ത്യ' മുന്നണി നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ പോസ്റ്റ്.
വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ പ്രക്രിയയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനുമായി കടുത്ത ഏറ്റുമുട്ടലിലാണ് രാഹുല്‍ ഗാന്ധിയും ഇന്ത്യാ സഖ്യവും. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തങ്ങളുടെ കൂട്ടായ അധികാരം ഏകപക്ഷീയമായും അനിയന്ത്രിതമായും ഉപയോഗിച്ചുവെന്നാണ് രാഹുല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. മറ്റു തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണോ തീരുമാനങ്ങള്‍ എടുത്തതെന്ന് ഹര്‍ജി ചോദ്യം ചെയ്യുന്നു.
വോട്ടര്‍ എന്റോള്‍മെന്റ് ഫോം 6-ല്‍ വരുത്തിയ മാറ്റങ്ങള്‍, ഇലക്ടറല്‍ ഡാറ്റാബേസിന്റെ പ്രവര്‍ത്തനം, ആവശ്യമായ നോട്ടീസോ പുനഃസ്ഥാപിക്കാനുള്ള വ്യക്തമായ സംവിധാനമോ ഇല്ലാതെ വോട്ടര്‍മാരെ ഒഴിവാക്കല്‍ എന്നിവയിലും ഇന്ത്യാ മുന്നണി നേതാക്കള്‍ ഹര്‍ജിയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുക, വോട്ടര്‍മാരെ ഒഴിവാക്കിയതിലും മാറ്റങ്ങള്‍ വരുത്തിയതിലും സ്വതന്ത്ര ഓഡിറ്റ് നടത്തുക, കേസില്‍ അന്തിമ തീരുമാനമാകുന്നതുവരെ നിലവിലെ വിജ്ഞാപന പ്രകാരമുള്ള നടപടികള്‍ നിര്‍ത്തിവെക്കുക എന്നിവയാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യങ്ങള്‍.
വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകളും ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. കേവലം ഒരു മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ ഹര്‍ജിയെന്നുമാണ് കമ്മിഷന്‍ വാദിക്കുന്നത്.
---------------
Hindusthan Samachar / Sreejith S