Enter your Email Address to subscribe to our newsletters

Thiruvananthapuram , 27 ഒക്റ്റോബര് (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) മരുന്ന് വിതരണത്തിൽ വീണ്ടും നിർണായക വെളിപ്പെടുത്തൽ. കുട്ടികൾക്ക് നൽകുന്ന ജീവൻരക്ഷാ മരുന്നായ 'റിസ്ഡിപ്ലാം' വാങ്ങുന്നതിനായി വിളിച്ച ടെൻഡറിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) ഗുരുതരമായ ചട്ടലംഘനം നടത്തിയതായി സൂചന. ഹൈദരാബാദ് ആസ്ഥാനമായുള്ള നാറ്റ്കോ ഫാർമ എന്ന മരുന്ന് നിർമ്മാണ കമ്പനിയെ സഹായിക്കാനായി ടെൻഡർ വ്യവസ്ഥകളിൽ അടിയന്തരമായി ഇളവുകൾ അനുവദിച്ചതിന്റെ ഞെട്ടിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മാനദണ്ഡങ്ങൾ അട്ടിമറിച്ചത് കമ്പനിയെ സഹായിക്കാൻ?
എസ്.എം.എ ബാധിച്ച കുഞ്ഞുങ്ങൾക്ക് നൽകുന്ന വിലകൂടിയ മരുന്നിനായി സെപ്റ്റംബർ 22-നാണ് കെ.എം.എസ്.സി.എൽ ഒരു ഷോർട്ട് ടെൻഡർ ക്ഷണിച്ചത്. സെപ്റ്റംബർ 29-ന് അവസാനിച്ച ഈ ടെൻഡറിൽ നാറ്റ്കോ ഫാർമ മാത്രമാണ് പങ്കെടുത്തത്. സർക്കാർ ചട്ടപ്രകാരം വിപണിയിൽ നിന്ന് മരുന്നുകൾ വാങ്ങുമ്പോൾ, നിർമ്മാണ കമ്പനിക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ വിപണന പരിചയം തെളിയിക്കുന്ന 'മാർക്കറ്റ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റ്' നിർബന്ധമാണ്. പൊതുജനാരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാൽ കമ്പനിയുടെ വിശ്വാസ്യതയും പരിചയസമ്പത്തും ഉറപ്പാക്കാനാണ് ഈ വ്യവസ്ഥ കർശനമായി പാലിക്കുന്നത്.
എന്നാൽ, ഒക്ടോബർ ആറാം തീയതി നടന്ന പരിശോധനയിൽ നാറ്റ്കോ കമ്പനിക്ക് മൂന്ന് വർഷത്തെ സർട്ടിഫിക്കറ്റ് ഇല്ലെന്ന് അധികൃതർ കണ്ടെത്തി. തുടർന്ന് ടെൻഡർ റദ്ദാക്കുകയോ പുനർടെൻഡർ വിളിക്കുകയോ ചെയ്യുന്നതിന് പകരം, തൊട്ടടുത്ത ദിവസം തന്നെ ഇളവ് നൽകാൻ ധൃതിപിടിച്ച് ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയായിരുന്നു. പുതുതായി വിപണിയിലെത്തുന്ന കമ്പനികൾക്ക് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് മതിയാകും എന്ന രീതിയിൽ നിബന്ധന മാറ്റിയത് ഈ ഒരൊറ്റ കമ്പനിയെ സഹായിക്കാനാണെന്ന സംശയം ശക്തമാണ്.
മരുന്ന് വിതരണത്തിലെ അസാധാരണ വേഗതയും പർച്ചേസ് ഓർഡറിലെ ദുരൂഹതയും
ടെൻഡർ നൽകിയതിലും മരുന്ന് വിതരണം ചെയ്തതിലും ഒട്ടേറെ ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. ഒക്ടോബർ 14-നാണ് കമ്പനിക്ക് ടെൻഡർ ഉറപ്പിച്ചു നൽകുന്നത്. എന്നാൽ, ടെൻഡർ നൽകി കേവലം മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ, അതായത് ഒക്ടോബർ 17-18 തീയതികളോടെ രോഗികളായ കുട്ടികളുടെ കൈകളിലേക്ക് മരുന്നെത്തി. സാധാരണയായി ഒരു കമ്പനിക്ക് ടെൻഡർ നൽകിയാൽ മരുന്ന് നിർമ്മിച്ച് പാക്ക് ചെയ്ത് ലേബലൊട്ടിച്ച് വിതരണത്തിന് എത്തിക്കാൻ 30 മുതൽ 60 ദിവസം വരെ സമയമെടുക്കാറുണ്ട്. ഇത്രയും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മരുന്ന് എങ്ങനെ കേരളത്തിലെത്തി വിതരണം ചെയ്തു എന്നത് അതീവ ഗൗരവമുള്ള ചോദ്യമാണ്.
കമ്പനിക്ക് ഔദ്യോഗികമായി പർച്ചേസ് ഓർഡർ നൽകിയിരുന്നോ എന്നതിലും ഇപ്പോഴും വ്യക്തതയില്ല. നിയമപരമായ പർച്ചേസ് ഓർഡറില്ലാതെയാണ് മരുന്ന് എത്തിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. നേരത്തെ ക്ലിനിക്കൽ ട്രയൽ ലേബലുള്ള മരുന്നുകൾ രോഗികൾക്ക് വിതരണം ചെയ്ത സംഭവം പുറത്തുവന്നിരുന്നു. ഇത്തരം തിടുക്കത്തിലുള്ള ഇടപാടുകളും ക്രമക്കേടുകളുമാണ് നിലവാരമില്ലാത്തതോ പരിശോധന പൂർത്തിയാക്കാത്തതോ ആയ മരുന്നുകൾ കുട്ടികളിലേക്ക് എത്താൻ കാരണമായതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. സംഭവത്തിൽ കെ.എം.എസ്.സി.എൽ അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. വിഷയത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K