ആശുപത്രിയിലെത്താനുള്ള കാലതാമസം പക്ഷാഘാത രോഗികളെ അപകടത്തിലേക്ക് തള്ളിവിടുന്നു, ബോധവത്കരണം ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Thiruvanathapuram, 27 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: പക്ഷാഘാത രോഗികളിൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിക്കാൻ വൈകുന്നത് കാരണം രോഗാവസ്ഥ സങ്കീർണമാകുന്നതായും ഈ സാഹചര്യത്തിൽ പക്ഷാഘാത ദിന ബോധവത്കരണം ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത
stroke


Thiruvanathapuram, 27 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: പക്ഷാഘാത രോഗികളിൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിക്കാൻ വൈകുന്നത് കാരണം രോഗാവസ്ഥ സങ്കീർണമാകുന്നതായും ഈ സാഹചര്യത്തിൽ പക്ഷാഘാത ദിന ബോധവത്കരണം ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചതായും മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

തിരുവനന്തപുരത്തെ സ്ട്രോക്ക് രജിസ്ട്രി പ്രകാരം കേരളത്തിൽ ഒരുലക്ഷത്തിൽ 135 പേർക്കാണ് പക്ഷാഘാതം ബാധിക്കുന്നത്. ലോകമെമ്പാടും മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് പക്ഷാഘാതം. ദീർഘകാല വൈകല്യങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അതിവേഗം രോഗിയ്ക്ക് ചികിത്സ ലഭ്യമാക്കിയാൽ ജീവൻരക്ഷിക്കാനും വൈകല്യങ്ങളുടെ തോത് കുറയ്ക്കാനും സാധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിൽ ലോക പക്ഷാഘാതദിനമായ ഒക്ടോബർ 29ന് (നാളെ) പൊതുജനബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും രോഗസാധ്യതകൾ നേരത്തേ കണ്ടെത്തുന്നതിനും അടിയന്തര ചികിത്സയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായി വിപുലമായ പരിപാടികളാണ് ആരോഗ്യവകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം മാനവീയം വീഥിയിൽ രാവിലെ 7ന് സ്ട്രോക്ക് ബോധവൽക്കരണ വാക്കത്തോൺ മന്ത്രി കെ.മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 7 മുതൽ 8 വരെ മ്യൂസിയത്ത് പ്രഭാതസവാരിയ്ക്ക് എത്തുന്നവരെ ഉൾപ്പെടെ ലക്ഷ്യമിട്ട് മ്യൂസിയം വളപ്പിൽ

സ്ട്രോക്ക് സ്ക്രീനിംഗ് ക്യാമ്പ് നടക്കും. 9 മണിയ്ക്ക് വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് ആരംഭിക്കും. 10ന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും

വാക്കത്തോണിൽ ആരോഗ്യപ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.

മ്യൂസിയത്ത് സംഘടിപ്പിക്കുന്ന പക്ഷാഘാത സാധ്യതാ പരിശോധനാ ക്യാമ്പിലൂടെ ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ പക്ഷാഘാതസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ ആരോഗ്യനിർദേശങ്ങൾ നൽകുന്നതിനും അവസരമൊരുക്കും.

മുഖം ഒരു വശത്തേക്ക് കോടുക, കൈകാലുകളിൽ പെട്ടെന്ന് ബലക്കുറവോ മരവിപ്പോ അനുഭവപ്പെടുക, സംസാരിക്കാൻ ബുദ്ധിമുട്ട്, സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിയാതിരിക്കുക, പെട്ടെന്ന് കാഴ്ചക്കുറവ്, ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ പക്ഷാഘാതത്തിന്റെ സൂചനകളാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവ മാറുന്നതുവരെ കാത്തിരിക്കുകയോ വീട്ടിൽ ചികിത്സിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഉടൻ അടിയന്തര വൈദ്യസഹായം തേടണമെന്ന അവബോധം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.

---------------

Hindusthan Samachar / Sreejith S


Latest News