Enter your Email Address to subscribe to our newsletters

Wayanad , 28 ഒക്റ്റോബര് (H.S.)
റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ (MD) ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽനിന്ന് വൻതോതിൽ വിദേശമദ്യം കണ്ടെടുത്ത സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജിതമാക്കി. കേസിൻ്റെ ഭാഗമായി ആൻ്റോ അഗസ്റ്റിൻ്റെ ഭാര്യാമാതാവ് ലില്ലി ജോസിൻ്റെ മൊഴി എക്സൈസ് സംഘം രേഖപ്പെടുത്തി.
വാഴവറ്റയിൽ എക്സൈസ് പരിശോധന നടത്തി മദ്യം കണ്ടെടുത്ത വീട് തൻ്റേതല്ലെന്നും ഭാര്യാമാതാവായ ലില്ലി ജോസിൻ്റെ പേരിലുള്ളതാണെന്നും ആൻ്റോ അഗസ്റ്റിൻ അന്വേഷണ സംഘത്തിന് മുന്നിൽ വാദിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബത്തേരി കോളിയാടിയിലെ വസതിയിലെത്തി ഉദ്യോഗസ്ഥർ ലില്ലി ജോസിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിച്ചത്.
കുറച്ചു ദിവസം മുന്നേയാണ് ആൻ്റോ അഗസ്റ്റിൻ്റെ വാഴവറ്റയിലെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ എക്സൈസ് വൻതോതിൽ വിദേശമദ്യം കണ്ടെടുത്തത്. വീടിൻ്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയും മദ്യം സൂക്ഷിച്ചതുമായി ബന്ധപ്പെട്ടും വ്യക്തത വരുത്തുന്നതിനാണ് എക്സൈസ് സംഘം മൊഴിയെടുക്കൽ നടപടികളിലേക്ക് കടന്നത്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തുമെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി.
ഇതിൻ്റെ അടിസ്ഥാനത്തിൽ മൊഴിയെടുക്കാൻ എക്സൈസ് നീക്കം തുടങ്ങിയതോടെ ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ ലില്ലി ജോസ് പ്രതിയല്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ കൽപറ്റ ജില്ലാ സെഷൻസ് കോടതി നേരത്തെ തീർപ്പാക്കുകയായിരുന്നു. ഭാവിയിൽ ലില്ലിയെ കേസിൽ പ്രതി ചേർക്കുകയാണെങ്കിൽ നോട്ടിസ് നൽകിയ ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാവൂ എന്നും എക്സൈസിന് കോടതി കർശന നിർദേശം നൽകിയിരുന്നു.
കോടതി ഉത്തരവിനെ തുടർന്ന് ലില്ലി പ്രതിയല്ലെന്ന് ഉറപ്പായ ശേഷമാണ് എക്സൈസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഇവരുടെ വീട്ടിലെത്തി ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അന്വേഷണസംഘം ഇവിടെനിന്നു മടങ്ങിയത്. വീടിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ വിശദമായി പരിശോധിച്ചുവരുന്ന എക്സൈസ് ഇതിൻ്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും തുടർനടപടികളിലേക്ക് കടക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പും മദ്യവേട്ടയുംലയണൽ മെസിയെയും അർജൻ്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് വ്യാജരേഖകൾ ചമച്ച് നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ആൻ്റോ അഗസ്റ്റിൻ്റെ വയനാട് വാഴവറ്റയിലെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് അനധികൃത മദ്യശേഖരം കണ്ടെത്തിയത്. ആൻ്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഒരേസമയം പരിശോധന നടന്നിരുന്നു. രേഖകൾ പിടിച്ചെടുത്ത് പൊലീസ് മടങ്ങാനൊരുങ്ങവേയാണ് വീടിൻ്റെ ഒന്നാം നിലയിലെ മുറിയിൽനിന്ന് വൻ മദ്യശേഖരം കണ്ടെത്തുന്നത്. തുടർന്ന് എക്സൈസ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു.
പിടിച്ചെടുത്തത് 67 ലിറ്ററിലധികം മദ്യംറെയ്ഡിൽ 67 ലിറ്ററിലധികം അനധികൃത മദ്യമാണ് എക്സൈസ് സംഘം ആൻ്റോയുടെ വീട്ടിൽനിന്നും പിടിച്ചെടുത്തത്. 43 ലിറ്റർ വിദേശ മദ്യം, 4.824 ലിറ്റർ വിദേശനിർമിത വൈൻ, 5.5 ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. അബ്കാരി നിയമം 55(i), 55(a) എന്നീ കടുത്ത വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അനധികൃതമായി മദ്യം സൂക്ഷിക്കൽ, വില്പനയ്ക്കായി സൂക്ഷിക്കൽ, വ്യാജമദ്യമായി കണക്കാക്കാവുന്ന വസ്തുക്കൾ കൈവശം വയ്ക്കൽ എന്നിവയാണ് ആൻ്റോക്കെതിരെയുള്ള പ്രധാന കുറ്റങ്ങൾ. കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്താണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. കേസിൽ നേരത്തെ അറസ്റ്റിലായ ആൻ്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. നിലവിൽ ഇദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR