വ്യോമയാന മേഖലയിലേക്കുള്ള കടന്നുവരവ് സഹകരണ മേഖലയെ മാറ്റിമറിക്കും: മന്ത്രി എം ലിജു
Thiruvanathapuram, 28 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: വ്യോമയാന മേഖലയിലേക്കുള്ള കടന്നുവരവ് കേരളത്തിന്റെ സഹകരണ മേഖലയെ സമ്പൂർണമായി മാറ്റിമറിക്കുമെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. മേഖലയെ ആധുനികവത്കരണത്തിലേക്ക് നയിക്കാൻ ഇതുവഴി കഴിയും. സഹ
liju


Thiruvanathapuram, 28 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: വ്യോമയാന മേഖലയിലേക്കുള്ള കടന്നുവരവ് കേരളത്തിന്റെ സഹകരണ മേഖലയെ സമ്പൂർണമായി മാറ്റിമറിക്കുമെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. മേഖലയെ ആധുനികവത്കരണത്തിലേക്ക് നയിക്കാൻ ഇതുവഴി കഴിയും. സഹകരണ മേഖലയിലെ ആദ്യ വിമാനസർവീസ് ആരംഭിക്കുന്ന കേരള സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പ്രഥമ പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഏകദേശം ആറര ലക്ഷം കോടി രൂപയുടെ ബിസിനസാണ് കേരളത്തിലെ സഹകരണ മേഖലയിൽ ആകെ നടക്കുന്നത്. മൂന്നുലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം സഹകരണ മേഖലയുടെ വിവിധ തലങ്ങളിലുണ്ട്. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ സഹകരണ മേഖലയുടെ സംഭാവന എട്ട് ശതമാനത്തിലധികമാണ്. എന്നാൽ, ഇനിയും സഹകരണ പ്രസ്ഥാനത്തിന് അനേകകാതം മുന്നോട്ടുപോകാൻ സാധിക്കുമെന്നത് ഒരു യാഥാർത്ഥ്യമാണ്. വൈവിധ്യമാർന്ന തലങ്ങളിലേക്ക് സഹകരണ പ്രസ്ഥാനം വളരുന്നതിന്റെ സൂചനയായിട്ടാണ് വ്യോമഗതാഗത മേഖലയിലേക്ക് കേരളത്തിന്റെ സഹകരണ പ്രസ്ഥാനം കടന്നുവരുന്നത്. കേരളത്തിന്റെ സഹകരണ മേഖല വ്യോമഗതാഗതരംഗത്തേക്ക് കടന്നുവരുന്നെന്ന സ്വപ്നം നമുക്ക് നൽകിയത് സി.എൻ വിജയകൃഷ്ണനാണ്. ഇപ്പോൾ അതൊരു ആശയമായി മാറി. അത് യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നതിൽ സംശയമില്ല. ആദ്യഘട്ടത്തിൽ അയൽ സംസ്ഥാനങ്ങളിലേക്കാണ് യാത്രാ സർവീസ് നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ വ്യക്തികളെയും സർക്കാരിനെയും സഹകരണ പ്രസ്ഥാനങ്ങളെയും ഒരുമിച്ച് കൊണ്ടുപോവുകയെന്ന ആശയമാണ് ഇപ്പോൾ സർക്കാർ മുന്നോട്ടുവെയ്ക്കുന്നത്. അതുവഴി നിരവധി മഹത്തായ സ്ഥാപനങ്ങൾ സൃഷ്ടിക്കാനാവും. ടൂറിസം മേഖലയിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാനുമാവും. സഹകരണ പ്രസ്ഥാനത്തിന് എത്തിച്ചേരാൻ കഴിയാത്ത ഒരു മേഖലയും കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ടെറസിൽ നടന്ന ചടങ്ങിൽ മന്ത്രി സൊസൈറ്റിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ബൈലോയും കാറ്റഗറി സ്റ്റേറ്റ്‌മെന്റും സൊസൈറ്റിയുടെ ചീഫ് പ്രൊമോട്ടർ സി.എൻ വിജയകൃഷ്ണന്‌ കൈമാറി. സഹകരണ സംഘം രജിസ്ട്രാർ അനു എസ് നായർ ഐ.എ.എസ് സൊസൈറ്റിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു. സി.എൻ വിജയകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ ആദ്യ ഓഹരി വടവന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സക്കീർ ഹുസൈനും പ്രീമ മനോജും സ്വീകരിച്ചു. സി.എൻ വിജയകൃഷ്ണൻ, വി ബാബുരാജ്, അബ്ദുല്ലക്കോയ, അഡ്വ. കെ പ്രവീൺ കുമാർ എം.എൽ.എ, ചെമ്പഴന്തി അനിൽ, ഹസൻ, കെ.എൻ മധുസൂദനൻ, ഗോപാലകൃഷ്ണൻ എന്നിവർ അംഗങ്ങളായി എട്ടംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. സി.എൻ വിജയകൃഷ്ണനെ ചെയർമാനായും ഗോപാലകൃഷ്ണനെ ഓണററി സെക്രട്ടറിയായും തെരഞ്ഞെടുത്തു. അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ സ്വാഗതവും പ്രൊമോട്ടിംഗ് കമ്മിറ്റി അംഗമായ വി ബാബു രാജ് നന്ദിയും രേഖപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News