Enter your Email Address to subscribe to our newsletters

Ernakulam , 28 ഒക്റ്റോബര്‍ (H.S.)
വിജിലൻസ് ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയിൽ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചു. വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് പൊതുതാൽപ്പര്യ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി.
സർക്കാർ തീരുമാന ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ മൂന്ന് ആഴ്ചയ്ക്കകം വ്യക്തമായ മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിജിലൻസിലെ പ്രധാനപ്പെട്ട അന്വേഷണ വിവരങ്ങളും പരാതികളും കൈകാര്യം ചെയ്യുന്ന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് മാറ്റിയതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
അതേസമയം, വിജിലൻസിൻ്റെ ടി സെക്ഷനെ വിവരാവകാശത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ ഉത്തരവിന് അടിയന്തര സ്റ്റേ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യമെങ്കിലും വിഷയത്തിൽ ഹൈക്കോടതി അടിയന്തര സ്റ്റേ നൽകിയില്ല.
ഏതൊക്കെ വിവരങ്ങള്‍ ടി സെക്ഷന്‍ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. അഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്കുന്നതില് നിന്ന് ഒരു ഏജന്‍സിക്കും ഇളവ് നല്കാന് പാടില്ലെന്ന് വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
വിജിലന്‍സിനെ ഇൻ്റലിജന്‍സ് അല്ലെങ്കില്‍ സുരക്ഷാ സ്ഥാപനമായി കണക്കാക്കാന്‍ കഴിയില്ലെന്നും അഴിമതി കേസുകളുടെ വിവരങ്ങള്‍ മറച്ചുവെക്കാനാണ് സര്‍ക്കാരിൻ്റെ നടപടിയെന്നും ഹർജിക്കാർ ആരോപിച്ചു. നിയമ വിരുദ്ധ ഉത്തരവ് റദ്ദാക്കണമെന്നും വിജിലന്‍സിൻ്റെ ടി സെക്ഷനെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം വിജിലൻസിൻ്റെ മുൻ ലീഗൽ അഡ്വൈസർ അഡ്വ പി.കെ. മുരളീകൃഷ്ണനടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഉദ്യോഗസ്ഥരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകൾ പോലും അതീവ രഹസ്യമെന്ന പേരിൽ തടഞ്ഞുവച്ചതായി റിപ്പോർട്ടുണ്ട്. വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ നിന്ന് ആദ്യം ഒഴിവാക്കിയത് ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണ്.
എന്നാൽ പിണറായി സർക്കാർ ഈ ഉത്തരവ് റദ്ദാക്കി ടി സെക്ഷനെ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി. ഇതോടെ ടി സെക്ഷനിലെ ഫയലുകളും ബന്ധപ്പെട്ട വിവരങ്ങളും നിയമപ്രകാരം ആവശ്യപ്പെടുമ്പോൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ട സാഹചര്യമുണ്ടായി.
എന്നാൽ കഴിഞ്ഞ ഒക്ടോബർ 22ന് ടി സെക്ഷനെ വീണ്ടും വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഇത് വലിയ വിവാദത്തിന് വഴി വയ്ക്കുകയായിരുന്നു. വിവരാവകാശ പരിധിയിൽ നിന്ന് ടി സെക്ഷനെ വീണ്ടും ഒഴിവാക്കിയതോടെ അഴിമതി സംരക്ഷിക്കാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.
അതേസമയം, ഒന്നും മറച്ചുവെക്കാനില്ലെന്നാണ് സർക്കാരിൻ്റെ വാദം. വിമർശനങ്ങൾ ഉയന്നാലും തീരുമാനത്തിൽ പുനഃപരിശോധന വേണ്ടെന്ന നിലപാടാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടിയും അതുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്ത രീതിയും കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR