Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഒക്റ്റോബര് (H.S.)
ഹാപ്പിലാന്റ് അമ്യൂസ് മെന്റ് പാർക്കിലെ സ്വിംഗ് ചെയർ പൊട്ടിവീണ് വിനോദസഞ്ചാരികൾക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ പാർക്കിന് ലൈസൻസ് പുതുക്കുന്നതായി എല്ലാ വർഷവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആന്റ് റസ്ക്യു, പി.ഡബ്ല്യു.ഡി, സ്ട്രക്ചറൽ സ്റ്റബിലിറ്റി, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ നിരാക്ഷേപ സാക്ഷ്യപത്രങ്ങൾ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
റൈഡുകളുടെ ഫിറ്റ്നെസും ഉറപ്പാക്കണം. പ്രവർത്തനാനുമതി പുതുക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി നടത്തുന്ന പരിശോധനയിൽ ആവശ്യമെങ്കിൽ പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ സേവനവും പ്രയോജനപ്പെടുത്തണം. പാർക്കിലെ റൈഡുകളുടെ യന്ത്രസാമഗ്രികൾക്ക് ജീർണതയോ വിള്ളലോ ഇല്ലെന്ന് പരിശോധനയിൽ ഉറപ്പാക്കണം.
സ്വിമ്മിംഗ് പൂളിൽ മുമ്പ് ഒരു മുങ്ങിമരണം നടന്ന സാഹചര്യത്തിൽ അപകട സാധ്യത ഒഴിവാക്കാൻ പര്യാപ്തമായ സുരക്ഷ ഒരുക്കിയതായി പഞ്ചായത്ത് സെക്രട്ടറി ഉറപ്പാക്കണം. റൈഡ് തകർന്ന സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 520/2026 നമ്പർ കേസിന്റെ അന്വേഷണം പൂർത്തിയതായിട്ടില്ലെങ്കിൽ എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കണം.
റൈഡിന്റെ അടിഭാഗത്തെ യന്ത്രസാമഗ്രികളുടെ ദീർഘകാല ഉപയോഗവും കാലപ്പഴക്കവും കാരണം ജീർണിച്ച് വെൽഡിങ്ങിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പരിപാലനത്തിന്റെ അഭാവമാകാം അപകടത്തിന് കാരണമെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുന്നതിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകരുതെന്ന് ഉത്തരവിൽ പറഞ്ഞു.
2026 മെയ് 28 ന് നടന്ന അപകടത്തെ കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR