Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഒക്റ്റോബര് (H.S.)
പക്ഷാഘാതത്തിന് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള പ്രാധാന്യം സമൂഹത്തിൽ എത്തിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശനും ആരോഗ്യമന്ത്രി കെ.മുരളീധരനും നയിക്കുന്ന വാക്കത്തോൺ ഇന്ന് (ഒക്ടോബർ 29) നടക്കും. ലോക പക്ഷാഘാതദിനമായ ഇന്ന് (ഒക്ടോബർ 29) ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്. രാവിലെ 7ന് മാനവീയം വീഥിയിൽ മന്ത്രി വി.ഡി.സതീശൻ വാക്കത്തോൻ ഫ്ലാഗോഫ് ചെയ്യും. വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാൾ വരെയാണ് വാക്കത്തോൺ. അക്കാദമി ചെയർപേഴ്സൺ പ്രിയങ്ക നായരും പങ്കെടുക്കും.
പൊതുജനങ്ങൾക്കും വാക്കത്തോണിൽ പങ്കാളികളാകാം.
പക്ഷാഘാതരോഗികളിൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിക്കാൻ വൈകുന്നത് കാരണം രോഗാവസ്ഥ സങ്കീർണമാകുന്ന സാഹചര്യത്തിലാണ് പക്ഷാഘാത ദിന ബോധവത്കരണം ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. രാവിലെ 7 മുതൽ 8 വരെ മ്യൂസിയത്ത് പ്രഭാതസവാരിയ്ക്ക് എത്തുന്നവരെ ഉൾപ്പെടെ ലക്ഷ്യമിട്ട് മ്യൂസിയം വളപ്പിൽ സ്ട്രോക്ക് സ്ക്രീനിംഗ് ക്യാമ്പ് നടക്കും. 9 മണിയ്ക്ക് വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് ആരംഭിക്കും. 10ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.
മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എംപി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് എന്നിവർ മുഖ്യാതിഥികളാവും.
തിരുവനന്തപുരത്തെ സ്ട്രോക്ക് രജിസ്ട്രി പ്രകാരം കേരളത്തിൽ ഒരുലക്ഷത്തിൽ 135 പേർക്കാണ് പക്ഷാഘാതം ബാധിക്കുന്നത്. ലോകമെമ്പാടും മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് പക്ഷാഘാതം. ദീർഘകാല വൈകല്യങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അതിവേഗം രോഗിയ്ക്ക് ചികിത്സ ലഭ്യമാക്കിയാൽ ജീവൻരക്ഷിക്കാനും വൈകല്യങ്ങളുടെ തോത് കുറയ്ക്കാനും സാധിക്കുമെന്ന് ആരോഗ്യ
വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
മുഖം ഒരു വശത്തേക്ക് കോടുക, കൈകാലുകളിൽ പെട്ടെന്ന് ബലക്കുറവോ മരവിപ്പോ അനുഭവപ്പെടുക, സംസാരിക്കാൻ ബുദ്ധിമുട്ട്, സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിയാതിരിക്കുക, പെട്ടെന്ന് കാഴ്ചക്കുറവ്, ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ പക്ഷാഘാതത്തിന്റെ സൂചനകളാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവ മാറുന്നതുവരെ കാത്തിരിക്കുകയോ വീട്ടിൽ ചികിത്സിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഉടൻ അടിയന്തര വൈദ്യസഹായം തേടണമെന്ന അവബോധം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR