Enter your Email Address to subscribe to our newsletters

Thiruvanathapuram, 28 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം : കിഫ്ബിയെ ചൊല്ലി നിയസഭയില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. കിഫ്ബി പദ്ധതികളെ തകര്‍ക്കുന്നു എന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയാണ് പ്രതിപക്ഷം ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണത്തെ തള്ളി മുഖ്യമന്ത്രി വിഡി സതീശന് രംഗത്ത് എത്തി.
സംസ്ഥാനത്ത് 31,761 കോടി രൂപയുടെ കിഫ്ബി പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വെച്ച പദ്ധതികള്‍ എല്ലാം പൂര്‍ത്തിയാക്കും, 25,000 കോടി രൂപയുടെ പദ്ധതി നിലവില്‍ പൂര്‍ത്തിയായി. ഇനി പൂര്ത്തിയാക്കാനുള്ളവയ്ക്ക് വേണ്ടുന്ന പണം എവിടെ നിന്ന് എന്നതിന് ഒരു ഊഹവും ഇല്ല. ഏറ്റെടുത്ത പദ്ധതി പൂര്‍ത്തിയാക്കാന്‍ 70,000 കോടി രൂപ വേണം. വരുമാനം വരുന്ന പദ്ധതികള്‍ കിഫ്ബിക്ക് ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കടമെടുപ്പ് പരിധി കുറച്ചപ്പോള്‍ തന്നെ സംസ്ഥാനത്തിന് 12000 കോടി കുറവുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഗ്യാരണ്ടി വേണ്ടെന്ന് അന്നത്തെ ധനവകുപ്പ് തന്നെ പറഞ്ഞതാണ്. കിഫ്ബി പദ്ധതികള്‍ അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി വഴിയുള്ള കടമെടുപ്പ് തുടരുന്നതില്‍ ധനമന്ത്രിയായിരിക്കെ കെ എന്‍ ബാലഗോപാല്‍ ഉയര്‍ത്തിയ എതിര്‍പ്പ് മുഖ്യമന്ത്രി ആയുധമാക്കി. കോര്‍പറേറ്റ് വത്കരണ അജണ്ട എന്ന വാക്കിനെ മുഖ്യമന്ത്രി പരിഹസിച്ചു. കിഫ്ബിയുടെ പല നീക്കങ്ങളെയും എതിര്‍ത്ത കെ എന്‍ ബാലഗോപാലിനെ കൊണ്ട് തന്നെ നോട്ടീസ് അവതരിപ്പിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെയാണ് കോര്‍പറേറ്റ് വല്കരണ അജണ്ടയാകുന്നതെന്ന് ചോദിച്ചു. അന്ന് ബാലഗോപാല്‍ അത് എതിര്‍ത്തതും കോര്‍പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്തിന്റെ കടമെടുപ്പിന് ബാധിക്കും എന്നതുകൊണ്ടാണ് ബാലഗോപാല്‍ അങ്ങനെ പറഞ്ഞത്. ധനവകുപ്പിനോ സര്‍ക്കാരിനോ ഒരു നിയന്ത്രണവുമില്ലാതെ പ്രത്യേക സാമ്രാജ്യം ഉണ്ടാക്കിവെക്കുകയായിരുന്നു. ധനവകുപ്പിന് ഒരു റോളും ഉണ്ടായിരുന്നില്ല. ധനവകുപ്പിന് അനുമതിയില്ലാതെ ആളുകളെ നിയമിച്ച് തോന്നിയ പോലെ പലിശയ്ക്ക് പണമെടുത്ത് ആണ് കിഫ്ബി മുന്നോട്ടുപോയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ധനവകുപ്പിനെയും മുഖ്യമന്ത്രിയേയും കാറ്റില്‍ പറത്തി. ധനവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും ഇനി കിഫ്ബി. കൊച്ചിയിലെ സിയാല്‍ ആണ് കേരളത്തിന്റെ വിസ്മയം. ഗോശ്രീ പാലവും ഇന്‍ഫോ പാര്‍ക്കും ടെക്നോ പാര്‍ക്കും മുതല്‍ വിഴിഞ്ഞം തുറമുഖം വരെ കിഫ്ബിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം, മുഖ്യമന്ത്രിക്ക് മറുപടിയുമായി മുന്‍ ധനമന്ത്രിയായ കെ എന്‍ ബാലഗോപാല്‍ എംഎല്‍എയും രംഗത്തെത്തി. പത്ത് വര്‍ഷം മുമ്പുള്ള കേരളം അല്ല ഇപ്പോഴുള്ളതെന്നും അതിന് കാരണം കിഫ്ബിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദേശീയപാതയ്ക്ക് സ്ഥലമെടുക്കാന്‍ പണം കൊടുക്കേണ്ടി വന്നതാണ്. മലയോരമേഖലയില്‍ അടക്കം യാത്രാ സൗകര്യം മെച്ചപ്പെട്ടു. ഇപ്പോള്‍ ചിരിക്കുന്ന എംഎല്‍എമാര്‍ മലയോരമേഖലയില്‍ നിന്ന് ഇവിടെ വരാന്‍ എട്ടുമണിക്കുര്‍ എടുത്തിരുന്നെങ്കില്‍ ഇപ്പോ ഇവിടെ വന്നിരിക്കാന്‍ അഞ്ച് മണിക്കൂര്‍ മതിയെന്ന് കെ എന്‍ ബാലഗോപാല്‍ പരിഹസിച്ചു.
മലയോര മേഖലയിലെ റോഡുകള്‍ കിഫ്ബി വഴിയാണ്. വയനാട്ടിലെ തുരങ്കപാതയും ഇതുവഴിയാണ്. ഒരു രാഷ്ട്രീയ വ്യത്യാസവുമില്ലാതെയാണ് പദ്ധതികള്‍ അനുവദിച്ചത്. ഇന്ത്യയില്‍ ഏറ്റവും അധികം മൂലധനം കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്നത് കേരളത്തിലാണ്. കിഫ്ബിയെ ഇപ്പോഴത്തെ ഭരണപക്ഷം ആദ്യം മുതല്‍ കണ്ടത് ചതുര്‍ത്ഥി കാണും പോലെയാണ്. കിഫ്ബിയെ തകര്‍ത്ത ചതിയന്‍ ചന്തു യുഡിഎഫ് ആണെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ വാചക കസര്‍ത്ത് പോലെ 102 പേരുടെ പിന്തുണ ഉണ്ടായിട്ട് കാര്യമില്ല. വസ്തുത വസ്തുതയാണ്. സംസ്ഥാന താല്പര്യത്തിനെതിരെയാണ് യുഡിഎഫ് പ്രവര്‍ത്തിച്ചത്. ഒരിടത്തും ഒരു ജോലിയും നടക്കുന്നില്ല. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഒക്കെ ഉള്ളതല്ലേ എന്നും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാം എന്നും അതല്ലേ വേണ്ടതെന്നും കെ എന്‍ ബാലഗോപാല്‍ ചോദിച്ചു.അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
---------------
Hindusthan Samachar / Sreejith S