Enter your Email Address to subscribe to our newsletters

Thiruvanathapuram , 28 ഒക്റ്റോബര് (H.S.)
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ അധിക്ഷേപത്തിൽ കോൺഗ്രസ് നടത്തിയ മാപ്പപേക്ഷ അവരുടെ രാഷ്ട്രീയത്തിലെ കാപട്യത്തിന്റെയും വഞ്ചനയുടെയും മറ്റൊരു ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരെ നിന്ദ്യമായ ആക്രമണം നടത്തിയതിൽ കോൺഗ്രസിന് യഥാർത്ഥ പശ്ചാത്താപമുണ്ടായിരുന്നെങ്കിൽ, തൊട്ടടുത്ത ദിവസങ്ങളിൽ ഇന്ത്യൻ കരസേനാ മേധാവിയുടേതെന്ന പേരിൽ വ്യാജ ഡീപ്ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കാനും പാകിസ്ഥാൻ അനുകൂല പ്രചാരണ അക്കൗണ്ടുകളുടെ വാദങ്ങൾ ഏറ്റുപിടിക്കാനും അവർ മുതിരുമായിരുന്നില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്.
ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് വിവാദ പോസ്റ്റ് പിൻവലിച്ചതിലും നിയമനടപടി നേരിടേണ്ടിവരുമെന്ന ഘട്ടത്തിൽ മാപ്പുപറഞ്ഞതിലും ആത്മാർത്ഥതയില്ല. കോൺഗ്രസിന്റെ യഥാർത്ഥ മുഖവും ഉള്ളിലിരിപ്പുമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇത് രാഹുൽ ഗാന്ധിയുടെ വഞ്ചനാപരമായ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയായ കോൺഗ്രസ് ഒരൊറ്റ കുടുംബത്തിന്റെ താൽപ്പര്യങ്ങൾക്കും ആജ്ഞകൾക്കും വേണ്ടി മാത്രം പ്രവർത്തിക്കുന്ന സംഘടനയായി അധഃപതിച്ചിരിക്കുകയാണ്. കുടുംബവാഴ്ചയ്ക്ക് മുന്നിൽ തലകുനിക്കാത്ത ഭരണഘടനാ സ്ഥാപനങ്ങളെല്ലാം അവർക്ക് ശത്രുക്കളാണ്. അത് നീതിന്യായ വ്യവസ്ഥയായാലും തിരഞ്ഞെടുപ്പ് കമ്മീഷനായാലും മാധ്യമങ്ങളായാലും സായുധ സേനയായാലും കോൺഗ്രസിന്റെ സമീപനം ഒന്നുതന്നെയാണ്.
ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനും ജനങ്ങൾക്കിടയിൽ അവിശ്വാസം വളർത്താനും തെരുവുകളിൽ അരാജകത്വവും സംഘർഷവും സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ജനാധിപത്യ സ്ഥാപനങ്ങളോടുള്ള ബഹുമാനമല്ല, സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങളുടെ സംരക്ഷണമാണ് കോൺഗ്രസിന്റെ ലക്ഷ്യം.
രാഹുൽ ഗാന്ധിയുടെ നുണകളുടെയും വഞ്ചനാപരമായ രാഷ്ട്രീയത്തിന്റെയും യഥാർത്ഥ സ്വഭാവം രാജ്യം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തിയും വ്യാജ പ്രചാരണങ്ങൾ നടത്തിയും ജനാധിപത്യത്തെ ദുർബലപ്പെടുത്താമെന്ന കോൺഗ്രസിന്റെ ധാരണ തെറ്റാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണവുമായി ബന്ധപ്പെട്ട കോൺഗ്രസ് നടത്തുന്ന പ്രചാരണങ്ങളെ തുറന്നുകാട്ടാനും ജനാധിപത്യ പ്രക്രിയയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ബിജെപി കേരളത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ എംഎൽഎ പറഞ്ഞു. നവംബർ ആറിനകം തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വലിയ പദയാത്രകളും യുവാക്കളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും സംഘടിപ്പിക്കും. അടുത്ത ഒരു മാസക്കാലം സംസ്ഥാനത്തുടനീളം വിവിധ പ്രചാരണ പരിപാടികളിലൂടെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വസ്തുതകൾ ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അരാജകത്വത്തിനെതിരെ ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് ബിജെപി പ്രചാരണ രംഗത്തിറങ്ങുന്നത്. തിരഞ്ഞെടുപ്പ് പരാജയങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
2014 മുതൽ തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ പരാജയങ്ങൾ നേരിടുന്ന കോൺഗ്രസ്, തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറ്റപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയത് കോൺഗ്രസിന് വലിയ തിരിച്ചടിയായി.
എസ്.ഐ.ആർ രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന നടപടിയാണെന്ന തരത്തിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടക്കുന്നത്. 1952 മുതൽ വിവിധ ഘട്ടങ്ങളിൽ വോട്ടർ പട്ടികാ പരിഷ്കരണങ്ങൾ നടന്നിട്ടുണ്ട്. വോട്ടർ പട്ടികയിൽ തെറ്റുകളുണ്ടെങ്കിൽ അവ തിരുത്താൻ നിയമപരമായ നടപടിക്രമങ്ങളുമുണ്ട്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു പിന്നാലെ പരാതികൾ സമർപ്പിക്കാനും അവ പരിശോധിച്ച് പരിഹരിക്കാനും അവസരമുണ്ടെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
കരട് പട്ടികയിൽ പേരില്ലാത്തവർക്ക് പേര് ചേർക്കുന്നതിനും തെറ്റായി ഉൾപ്പെട്ട പേരുകൾ സംബന്ധിച്ച് പരാതി നൽകുന്നതിനും അവസരമുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒ) ഇത്തരം പരാതികൾ അറിയിക്കാം. പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. അതിനാൽ, പരിഷ്കരണ നടപടികളെക്കുറിച്ച് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതിനുപകരം വസ്തുതകൾ മനസ്സിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തിരുത്തുന്നതും മരണപ്പെട്ടവരുടെയും താമസം മാറിയവരുടെയും പേരുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണ്. വോട്ടർമാരുടെ എണ്ണത്തിൽ മണ്ഡലങ്ങൾ തമ്മിലുള്ള വലിയ അന്തരം കുറയ്ക്കുന്നതും ജനപ്രതിനിധികൾക്ക് ഏകദേശം തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതും പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കർണാടകയിൽ എസ് ഐ ആർ പൂർത്തിയാക്കിയപ്പോൾ ഒരു കോടിയോളം വോട്ടർമാരുടെ എണ്ണമാണ് കുറഞ്ഞത്. കർണാടകത്തിൽ കോൺഗ്രസ് സർക്കാരും സർക്കാരിന് കീഴിലെ ഉദ്യോഗസ്ഥരുമാണ് എസ് ഐ ആർ നടപ്പാക്കിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നേരിട്ടെത്തിയല്ല കേരളത്തിലും കർണാടകത്തിലും എസ്ഐആർ നടപ്പാക്കി വോട്ടർ പട്ടിക പരിഷ്കരിച്ചത്. അതാത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥന്മാരും ബി എൽ ഒമാരും ചേർന്നാണ്. രാജ്യത്ത് 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്നത് കള്ളമാണ്. അതിന് മൂന്നു കോടി പേര് മരിച്ചു പോയവരാണ്. ഒരു കോടി ഇരട്ട വോട്ടർമാരെയും നീക്കം ചെയ്തു. 5 കോടി പേര് സ്ഥലം മാറി പോയവരാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക്താവായിട്ടല്ല ബിജെപി സംസാരിക്കുന്നതെന്നും കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കുന്നതും ഒഴിവാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ബൂത്ത് തല സംവിധാനങ്ങളും വഴിയാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനായി പാർലമെന്റ് നിയമം വഴി പുതിയ സംവിധാനം കൊണ്ടുവന്നത് സുപ്രീംകോടതി നിർദേശങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിക്കുകയും വിജയിക്കുമ്പോൾ അതേ സംവിധാനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കോൺഗ്രസിന്റേതെന്ന് മുരളീധരൻ ആരോപിച്ചു.
വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ അഭിജിത്ത് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR