Enter your Email Address to subscribe to our newsletters

Amaravati , 28 ഒക്റ്റോബര് (H.S.)
അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'അർണബ്' (Cyclone Arnab) ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാൻ (Landfall) തുടങ്ങി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, കാറ്റിന്റെ കേന്ദ്രഭാഗം തീരത്തോട് വളരെ അടുത്താണുള്ളത്. കരകയറുന്ന പ്രക്രിയ വരും മണിക്കൂറുകളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതമായി ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും വിവിധ തീരദേശങ്ങളിൽ അതിശക്തമായ മഴയും മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയടിക്കുന്നുണ്ട്.
കരകയറുന്നതിന്റെ ഭാഗമായി ആന്ധ്രയിലെയും ഒഡീഷയിലെയും വിവിധ ജില്ലകളിൽ റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ഗതാതടസ്സം നേരിട്ട പ്രധാന പാതകളിൽ പോലീസ് ഉദ്യോഗസ്ഥരുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ അടിയന്തരമായി മരങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ച് വരുന്നു. യാത്രാവേളകളിൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാലയങ്ങൾക്ക് അവധിയും മുൻകരുതൽ നടപടികളുംചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയിൽ ഈസ്റ്റ് ഗോദാവരി, കാക്കിനട, ഡോ. ബി.ആർ. അംബേദ്കർ കോനസീമ, കൃഷ്ണ, എൻ.ടി.ആർ, വിജയനഗരം, വിശാഖപട്ടണം, ഏലൂർ, അനകപ്പള്ളി തുടങ്ങിയ പത്തോളം ജില്ലകളിലാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനം എടുത്തത്.
ദുരന്തസാധ്യത മുൻകൂട്ടി കണ്ട് ആന്ധ്ര, ഒഡീഷ സർക്കാരുകൾ വ്യാപകമായ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഇരു സംസ്ഥാനങ്ങളിലുമായി ഏകദേശം 4,000-ത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള തീരദേശ മേഖലകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. ആന്ധ്രാപ്രദേശ് സർക്കാർ മാത്രം 20 ജില്ലകളിലായി 2,131 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.
മെഡിക്കൽ സംവിധാനങ്ങളും അടിയന്തര സേനകളും സജ്ജംഅടിയന്തര സാഹചര്യങ്ങളെ നേരിടാൻ 1,087 മെഡിക്കൽ ടീമുകളെയും 1,274 ആംബുലൻസുകളെയും ദുരന്ത ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ 8,281 എമർജൻസി കിടക്കകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിനെയും (NDRF) സംസ്ഥാന സേനകളെയും എല്ലാ പ്രധാന കേന്ദ്രങ്ങളിലും സജ്ജരായി നിർത്തിയിട്ടുണ്ട്.
കാലാവസ്ഥ കൂടുതൽ മോശമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഗതിയും തീവ്രതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തത്സമയം നിരീക്ഷിച്ചു വരികയാണ്. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ മഴയും കാറ്റും കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രതയിലാണ്.
---------------
Hindusthan Samachar / Roshith K