Enter your Email Address to subscribe to our newsletters

Bengaluru, 28 ഒക്റ്റോബര് (H.S.)
ബെംഗളൂരു: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിലെ (എഡിഎ) മുതിർന്ന ശാസ്ത്രജ്ഞൻ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്തു. എഡിഎ പ്രോഗ്രാമിങ് വിഭാഗത്തിലെ ‘സയന്റിസ്റ്റ് എഫ്’ ആയ ശരദ് കത്യാർ (47) ആണ് സീഗെഹള്ളിയിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഒക്ടോബർ 21-നായിരുന്നു സംഭവം. ജോലിസ്ഥലത്തെ കടുത്ത സമ്മർദ്ദമാണ് അദ്ദേഹത്തെ ഈ കടുംകൈയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവം ഇങ്ങനെ:
സീഗെഹള്ളിയിലെ ഒരു റസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിലാണ് ശരദ് കത്യാർ കുടുംബസമേതം താമസിച്ചിരുന്നത്. ഒക്ടോബർ 21-ന് വൈകുന്നേരം 7.30 നും 8 നും ഇടയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. അപ്പാർട്ട്മെന്റിന്റെ നാലും അഞ്ചും നിലകൾക്കിടയിലുള്ള കോണിപ്പടിയിലെ ജനലിലൂടെ അദ്ദേഹം താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സമീപത്തെ കെ.എസ്. ഹള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടുത്ത മാനസിക സമ്മർദ്ദമെന്ന് ബന്ധുക്കൾ:
കഴിഞ്ഞ ഒരു മാസത്തിലേറെയായി ശരദ് കടുത്ത ജോലിഭാരവും മാനസിക സമ്മർദ്ദവും അനുഭവിച്ചിരുന്നതായി കുടുംബം പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. ഇതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരെ കണ്ട് ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് അദ്ദേഹത്തിന് വിഷാദരോഗം (Depressive episode) സ്ഥിരീകരിച്ചിരുന്നു. ചികിത്സ തുടർന്നിട്ടും ഓഫീസിലെ അമിത സമ്മർദ്ദത്തിന് അയവുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ജീവനൊടുക്കിയ ദിവസമായ ഒക്ടോബർ 21-നും അദ്ദേഹം നിംഹാൻസിൽ (NIMHANS) എത്തി വിദഗ്ധ പരിശോധന നടത്തുകയും മരുന്നുകൾ കുറിച്ചുവാങ്ങുകയും ചെയ്തിരുന്നു.
കുടുംബത്തിന്റെ പരാതിയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 194 പ്രകാരം പൊലീസ് അസ്വാഭാവിക മരണത്തിന് (UDR) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശരദ് കത്യാറിന്റെ ഭാര്യ, മാതാപിതാക്കളായ സുരേഷ് ചന്ദ്ര കത്യാർ, സുധ കത്യാർ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി.
വിഷയം അറിഞ്ഞിരുന്നില്ലെന്ന് എഡിഎ അധികൃതർ:
തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA Mk2) പ്രോഗ്രാം ഓഫീസിലാണ് ശരദ് കത്യാർ പ്രവർത്തിച്ചിരുന്നതെന്ന് എഡിഎ അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്ആർ ഡയറക്ടർ കൃഷ്ണ രാജേന്ദ്ര വ്യക്തമാക്കി. എന്നാൽ ജോലിസ്ഥലത്തെ പ്രശ്നങ്ങളെക്കുറിച്ച് അധികൃതർക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു പ്രശ്നം അദ്ദേഹത്തിനുണ്ടായിരുന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഒപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകരുമായി സംസാരിച്ചപ്പോഴും അവർക്കും ഇതിനെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. പ്രോജക്ട് ഡെഡ്ലൈനുകൾ വരുമ്പോൾ എല്ലാവർക്കും സ്വാഭാവികമായ സമ്മർദ്ദം ഉണ്ടാകാറുണ്ട്. എന്നാൽ പുലർച്ചെ മുതൽ രാത്രി വൈകുംവരെ അമിതമായി ജോലി ചെയ്യേണ്ട സാഹചര്യം ഇവിടെയില്ല. രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെയാണ് സാധാരണ പ്രവൃത്തി സമയം. അദ്ദേഹം സ്ഥിരമായി ഓഫീസിൽ എത്താറുമുണ്ടായിരുന്നു. ജോലി സമ്മർദ്ദം മാത്രമല്ല, വ്യക്തിപരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ എഡിഎ ഡയറക്ടറെയോ അഡ്മിനിസ്ട്രേഷൻ മേധാവിയെയോ നേരിൽ കാണാനുള്ള എല്ലാ സ്വാതന്ത്ര്യവും ജീവനക്കാർക്കുണ്ട്, എന്ന് അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്രജ്ഞന്റെ അപ്രതീക്ഷിത വിയോഗത്തിൽ ശാസ്ത്രലോകവും സഹപ്രവർത്തകരും വലിയ ഞെട്ടലിലാണ്. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെൽപ്പ്ലൈൻ: 1056, 0471-2552056).
---------------
Hindusthan Samachar / Roshith K