കിഫ്ബിയില് വിജിലന്സ് അന്വേഷണം; മന്ത്രിമാരുടേയും എംഎല്എമാരുടേയും ശമ്പളം വര്ദ്ധിപ്പിക്കും; മന്ത്രിസഭാ തീരുമാനങ്ങള്
Thiruvanathapuram, 28 ഒക്റ്റോബര്‍ (H.S.) കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ മന്ത്രിസഭാ തീരുമാനം. കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷത്തിന്റെ പരിധിയില്‍ വരും. കിഫ്ബിയെക്കുറിച്ച് അന്വേഷിച്ച സുധാ പിള്ള സമിത
VD Satheeshan


Thiruvanathapuram, 28 ഒക്റ്റോബര്‍ (H.S.)

കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ മന്ത്രിസഭാ തീരുമാനം. കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷത്തിന്റെ പരിധിയില്‍ വരും. കിഫ്ബിയെക്കുറിച്ച് അന്വേഷിച്ച സുധാ പിള്ള സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ശമ്പള വര്‍ദ്ധന ബില്ല് മന്ത്രിസഭ അംഗീകരിച്ചു. എംഎല്‍എമാരുടെ ശമ്പളം 70,000ത്തില്‍ നിന്ന് 98000 രൂപയായി ഉയരും. മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷമായി ഉയരും. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയാണ് ശമ്പള വര്‍ദ്ധന. ബില്ല് നാളെ നിയമസഭയില്‍ കൊണ്ടുവരും. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് എംഎല്‍എമാരുടെ ശമ്പളം അവസാനമായി വര്‍ദ്ധിപ്പിച്ചത്. 30% വരെ വര്‍ധിപ്പിക്കാന്‍ ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍

പാലക്കാട് നെന്മാറയില്‍ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ഇളയ മകള്‍ അഖിലയുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും.

പട്ടികജാതി- പട്ടിക വര്‍ഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഭരണാനുമതി നല്‍കി. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍ നിന്നും 6 ലക്ഷമായും പട്ടിക വര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍ നിന്നും എട്ട് ലക്ഷമായും ഉയര്‍ത്തി.

2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കു വേണ്ടി ഷൂട്ടിംഗില്‍ രണ്ട് വെള്ളി മെഡലുകള്‍ നേടിയ വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍ പാര്‍ട്ട് 1 ഷെഡ്യൂള്‍ ലിസ്റ്റ് 3 - മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBC) പട്ടികയിലെ എന്‍ട്രി നമ്പര്‍ 55 ല്‍ പട്ടാരിയ (Pattariya) എന്ന വിഭാഗത്തേയും എന്‍ട്രി നമ്പര്‍ 62 ല്‍ ശാലിയ (Saliya) വിഭാഗത്തേയും കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു.

പൊലീസ് വകുപ്പില്‍ പുനര്‍വിന്യസിച്ച 86 എസ്ഐ തസ്തികകളില്‍ 48 ഒഴിവുകള്‍ പി.എസ്.സി സ്ഥിരം ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു.

പൊലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പുരുഷ/വനിതാ നിയമന അനുപാതം 9:1 ല്‍ നിന്നും 7:3 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News