Enter your Email Address to subscribe to our newsletters

Kochi, 28 ഒക്റ്റോബര് (H.S.)
കൊച്ചി: സംസ്ഥാനത്താകെ വലിയ വിവാദങ്ങൾക്കും ജനരോഷത്തിനും വഴിവെച്ച ചേരാനല്ലൂർ വാഹനാപകടക്കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി. പകരം ദക്ഷിണമേഖലാ ഐ.ജി ആർ. നിശാന്തിനിയെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ക്രൈം റെക്കോർഡ്സ് ബ്യൂറോ (SCRB) ഐ.ജി പി. പ്രകാശ് ദക്ഷിണമേഖലാ ഐ.ജിയായി ചുമതലയേൽക്കും.
വിവാദത്തിന് വഴിവെച്ച ചേരാനല്ലൂർ വാഹനാപകടംഅഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗതയിൽ ഓടിച്ച ആഡംബര ബെൻസ് കാറിടിച്ച് ചേരാനല്ലൂർ സ്വദേശിയായ ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. പുലർച്ചെ നടന്ന അപകടത്തിൽ വാഹനം മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചതെന്നും, വാഹനം കോടതി ജഡ്ജിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും വ്യക്തമായിട്ടും തുടക്കത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിൽ പൊലീസ് ഗുരുതരമായ അനാസ്ഥ കാട്ടിയെന്ന ആരോപണം ശക്തമായി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും, വാഹനം ഓടിച്ച കുറ്റവാളിക്കെതിരെയും വാഹന ഉടമയായ ജഡ്ജിക്കെതിരെയും കേസെടുക്കുന്നതിലും ചേരാനല്ലൂർ പൊലീസ് ദിവസങ്ങളോളം മനഃപൂർവം കാലതാമസം വരുത്തിയെന്ന് ആരോപണമുയർന്നു. പ്രതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതടക്കം തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടും പൊലീസ് നിഷ്ക്രിയത്വം പാലിച്ചുവെന്നത് പൊതുസമൂഹത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു.
സർക്കാരിന്റെ ഇടപെടലും നടപടിയുംവിഷയം നിയമസഭയിലടക്കം വലിയ ചർച്ചയായതോടെ പൊലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തര വകുപ്പിന് ഔദ്യോഗികമായി സമ്മതിക്കേണ്ടി വന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ചേരാനല്ലൂർ ഇൻസ്പെക്ടറും എസ്.എച്ച്.ഒയും ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടും നിർദേശത്തോടും കൂടിയാണ് പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടന്നതെന്ന വിവരം പുറത്തുവന്നതോടെ നടപടി താഴെത്തട്ടിലുള്ളവരിൽ മാത്രം ഒതുക്കരുതെന്ന നിലപാടിലേക്ക് ആഭ്യന്തര വകുപ്പ് എത്തിച്ചേർന്നു.
എ.ഡി.ജി.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കമ്മീഷണറുടെ മേൽനോട്ടത്തിൽ അടക്കം വലിയ പാളിച്ച സംഭവിച്ചതായി വ്യക്തമാക്കിയിരുന്നു. അപകടം നടന്ന് പുലർച്ചെ 3:30-ന് തന്നെ കമ്മീഷണർക്ക് സംഭവം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നെങ്കിലും യഥാസമയം ഇടപെടുകയോ ഉചിതമായ നിർദേശങ്ങൾ നൽകുകയോ ചെയ്തില്ലെന്ന് കണ്ടെത്തി. തുടർന്ന് ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് കമ്മീഷണറെ മാറ്റാൻ ഉത്തരവായത്.
അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്നിലവിൽ കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തിട്ടുണ്ട്. ജഡ്ജിയുടെ ആലുവയിലുള്ള വസതിയിലെത്തി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തുകയും ഡിജിറ്റൽ ഉപകരണങ്ങളും ആഡംബര ബൈക്കും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ജഡ്ജിക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. നീതി തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം.
---------------
Hindusthan Samachar / Roshith K