Enter your Email Address to subscribe to our newsletters

Ernakulam , 29 ഒക്റ്റോബര് (H.S.)
പതിനാറു വയസ്സിൽ താഴെയുള്ളവർക്കായുള്ള കെ.സി.എ. ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് ഇന്നിങ്സ് വിജയം. മറ്റൊരു മത്സരത്തിൽ കോട്ടയം വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബ് എട്ട് വിക്കറ്റിന് ബികെ 55 കേരളയെ തോല്പിച്ചു. ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു.
എറണാകുളം എസ് ജി ക്രിക്കറ്റ് സ്കൂളിനെ ഒരിന്നിങ്സിനും 75 റൺസിനുമാണ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് തോല്പിച്ചത്. ആത്രേയ ക്രിക്കറ്റ് ക്ലബ്ബിൻ്റെ കൂറ്റൻ സ്കോറായ 410 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത എസ് ജി ക്രിക്കറ്റ് സ്കൂളിൻ്റെ ആദ്യ ഇന്നിങ്സ് 192 റൺസിന് അവസാനിച്ചിരുന്നു. തുടർന്ന് ഫോളോ ഓൺ ചെയ്ത എസ് ജി ടീം 143 റൺസിന് ഓൾഔട്ടായി. 45 റൺസെടുത്ത ആദിത്യ കൃഷ്ണനും 41 റൺസെടുത്ത നിർമ്മൽ അജിത്തും മാത്രമാണ് എസ് ജി ബാറ്റിങ് നിരയിൽ തിളങ്ങിയത്. ആത്രേയക്ക് വേണ്ടി ശ്രീഹരി പ്രസാദ് നാലും എം ആർ ദേവാംഗദ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. വിശാൽ ജോർജിൻ്റെ തകർപ്പൻ ഇരട്ടസെഞ്ച്വറിയുടെ (208) മികവിലായിരുന്നു ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 410 റൺസ് നേടിയത്.
ബികെ 55 കേരളയ്ക്കെതിരെ എട്ട് വിക്കറ്റിനായിരുന്നു കോട്ടയം വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ വിജയം. ബികെ 55 മുന്നോട്ടു വച്ച 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വിൻ്റേജ് ക്ലബ്ബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിൻ്റേജിന് വേണ്ടി ഡാരൻ സ്കറിയ 75ഉം വി വി അഭിനവ് 54ഉം റൺസെടുത്തു. ആദ്യ ഇന്നിങ്സിൽ ബികെ 55 കേരളയുടെ സ്കോറായ 197 റൺസിനെതിരെ ബാറ്റ് ചെയ്ത വിൻ്റേജ് 207 റൺസെടുത്തിരുന്നു. രണ്ട് ഇന്നിങ്സുകളിലും അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ കാർത്തി മജുവിൻ്റെ പ്രകടനമാണ് മത്സരം വിൻ്റേജിന് അനുകൂലമാക്കിയത്.
ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചു. 236 റൺസിൻ്റെ ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയ തൃപ്പൂണിത്തുറ രണ്ടാം ഇന്നിങ്സിൽ ശക്തമായി തിരിച്ചടിച്ചാണ് സമനില സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ തൃപ്പൂണിത്തുറ എട്ട് വിക്കറ്റ് നഷ്ടത്തിൽ 360 റൺസെടുത്ത് നില്ക്കെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു. 126 റൺസെടുത്ത കൃഷ്ണദർശനാണ് തൃപ്പൂണിത്തുറയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ മാധവ് വിനോദ് 55ഉം ഡാരിൻ എബ്രഹാം 52ഉം സായ് ഗോവിന്ദ് 50ഉം റൺസ് നേടി. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി ആനന്ദ് സായ് നാല് വിക്കറ്റ് വീഴ്ത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR