Enter your Email Address to subscribe to our newsletters

Thiruvananthapuram , 29 ഒക്റ്റോബര് (H.S.)
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് രാജീവ് ചന്ദ്രശേഖർ. ആവശ്യവുമായി ബി ജെ പി പ്രതിനിധി സംഘം ഗവർണറെ കണ്ടു. കേരളത്തിൽ നടന്ന പി.എസ്.സി ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ ഗവർണറെ ധരിപ്പിച്ച് ബിജെപി പ്രതിനിധിസംഘം. പി എസ് സി തൊഴിൽ തട്ടിപ്പിന്റെ ഗൗരവം ഗവർണറെ ബോധ്യപ്പെടുത്തിയതായും നിയമ സംവിധാനത്തിലൂടെ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ ശക്തമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
പി എസ് സി വിഷയത്തിൽ മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കും ഉള്ളതെന്നും തൊഴിൽ തേടുന്ന യുവാക്കൾക്ക് ആശ്വാസമേകുന്ന നിലപാട് സ്വീകരിക്കുമെന്നും ഗവർണർ ഓം പ്രകാശ് മാത്തൂർ അറിയിച്ചു.
ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ, യുവമോർച്ച പ്രഭാരി അഡ്വ പി സുധീർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിജിൽ എന്നിവർക്കൊപ്പമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഗവർണ്ണരുമായി കൂടിക്കാഴ്ച്ച നടത്തിയത്.
രാജ്യമെമ്പാടും സഞ്ചരിച്ച് 'ഛാത്രോം കി ഗൂഞ്ച്' അഥവാ വിദ്യാർത്ഥികളുടെ ശബ്ദത്തെക്കുറിച്ച് സംസാരിക്കുന്ന രാഹുൽ ഗാന്ധി കേരളത്തിലെ പി.എസ്.സി ക്രമക്കേടുകളിലും വിദ്യാർത്ഥികൾ നേരിടുന്ന അനീതിയിലും മൗനം പാലിക്കുകയാണ്.
വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി സംസാരിക്കുന്ന കോൺഗ്രസ് നേതൃത്വം കേരളത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങളിലും അതേ നിലപാട് സ്വീകരിക്കണം.
കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളിലെ ഈ വൈരുധ്യം ജനങ്ങൾ തിരിച്ചറിയണം. കേരളത്തിലെ പി.എസ്.സി റാങ്ക് ഹോൾഡർമാർ നേരിടുന്ന അനീതിക്ക് പരിഹാരം കാണാനും അവരുടെ ഭാവി സംരക്ഷിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം. യുവജനങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ ബിജെപി ഈ വിഷയത്തിൽ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാൻ തലമുണ്ഡനം ചെയ്ത് സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ ആവശ്യങ്ങളോട് വി.ഡി. സതീശന്റെ സർക്കാർ നാളിതുവരെ നീതി പുലർത്തിയിട്ടില്ലെന്ന് ബി ബി ഗോപകുമാർ എം എൽ എ പറഞ്ഞു. 150 ദിവസത്തോളം സർക്കാർ ഈ വിഷയത്തിൽ നിസ്സംഗത തുടരുകയായിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ സമർപ്പിച്ചതിനു ശേഷമാണ് സർക്കാർ വിഷയത്തിൽ ഇടപെടാൻ തയ്യാറായത്. തുടക്കം മുതൽ ബിജെപി ഉയർത്തുന്ന നിലപാട് പി.എസ്.സി ക്രമക്കേടുകളിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR