Enter your Email Address to subscribe to our newsletters

Kochi, 29 ഒക്റ്റോബര്‍ (H.S.)
ചേരാനല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അപകടത്തിന് സമയത്ത് കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ അറസ്റ്റാണ് തടഞ്ഞത്. ജഡ്ജി പോലീസിന്റെ അന്വേഷണവും ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണെന്നും കോടതി ചോദിച്ചു.
വ്യാഴാഴ്ച രാവിലെ ജഡ്ജിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ണായക ചോദ്യങ്ങള്‍. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അപേക്ഷകന് നിലവില്‍ സേവനത്തിലുള്ള ഒരു ജുഡീഷ്യല്‍ ഓഫീസറാണെന്നും അദ്ദേഹം നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. പിന്നാലെയാണ്, തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ അപേക്ഷകനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് കോടതി ഉത്തരവിട്ടത്.
'അദ്ദേഹത്തെ നാല് മണിക്കൂര്‍ ചോദ്യം ചെയ്യേണ്ടി വന്നതെന്തിനാണ്? ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെന്താണ്? അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടത് എന്തിനാണ്? അദ്ദേഹം ഒരു ജുഡീഷ്യല്‍ ഉദ്യോഗസ്ഥനാണ്. അന്വേഷണവുമായി അദ്ദേഹം സഹകരിച്ചുകൊള്ളും.' ജസ്റ്റിസ് എടപ്പഗത്ത് പറഞ്ഞു. അതേസമയം, ജഡ്ജി ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകേണ്ടതും, ആവശ്യമായി വരുന്ന പക്ഷം പിന്നീട് വിളിക്കുമ്പോള്‍ വീണ്ടും ഹാജരാകേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു.
അപകടം നടന്നതായി അറിഞ്ഞതിന് തൊട്ടുപിന്നാലെ ജഡ്ജി തെളിവുകളില്‍ തിരിമറി നടത്തി എന്നാരോപിച്ച വാദിഭാഗം ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. എന്നാല്‍ നിയമപ്രകാരം മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി, പ്രതിക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം അനുവദിക്കുകയായിരുന്നു.
ഒക്ടോബര്‍ 25-ന് കൊച്ചി ചേരാനല്ലൂരില്വെച്ച് പ്രതിയായ ജഡ്ജിയുടെ 17 വയസ്സുള്ള മകന് ഓടിച്ച മെഴ്സിഡസ് ബെന്‍സ് കാര്‍ ഇരുചക്രവാഹനത്തിലിടിച്ചാണ് ജയബാലകൃഷ്ണന്‍ എന്ന സ്കൂട്ടര്‍ യാത്രക്കാരന് കൊല്ലപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ സേവനമനുഷ്ഠിക്കുന്ന ജഡ്ജിയെ അപകടത്തിന് ശേഷം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പ്രതിയാക്കുകയായിരുന്നു. ഒരു മൈനര്‍ മോട്ടോര്‍ വാഹന കുറ്റകൃത്യം ചെയ്യുമ്പോള്‍, നിയമപരമായ ചില അപവാദങ്ങള്‍ക്ക് വിധേയമായി, രക്ഷിതാവോ വാഹന ഉടമയോ ഉത്തരവാദിയാണെന്ന് കരുതപ്പെടുകയും അവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷിക്കുകയും ചെയ്യാം എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
മുന്‍കൂര്‍ ജാമ്യം തേടി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, വാഹനം അവിടെനിന്ന് മാറ്റിയതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് ജഡ്ജി അവകാശപ്പെട്ടു. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മൈനറായ മകന് രഹസ്യമായി വാഹനമെടുത്തുപോയി. അപകടത്തില്‍പ്പെട്ട വിവരം ഫോണ്‍ കോളിലൂടെ അറിഞ്ഞപ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
'മൈനറായ കുട്ടി രഹസ്യമായി വാഹനവുമെടുത്ത് പോകുമ്പോള്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന രക്ഷിതാവിന് ബി.എന്‍.എസ്. സെക്ഷന്‍ 105 പ്രകാരമുള്ള അറിവ് ഉണ്ടെന്ന് ചുമത്തുന്നത് നിയമപരമായി നിലനില്‍ക്കാത്തതും ക്രിമിനല്‍ നിയമ തത്വങ്ങള്‍ക്ക് അടിസ്ഥാനപരമായി എതിരുമാണ്.' എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. പ്രതിയായ ജഡ്ജിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് പി. വിജയഭാനു, അഭിഭാഷകന് ജോണ്‍ എസ്. റാല്‍ഫ് എന്നിവരാണ് ഹാജരായത്.
---------------
Hindusthan Samachar / Sreejith S