മന്ത്രിമാരുടേയും എംഎല്എമാരുടേയും ശമ്പളം വര്ദ്ധിപ്പിച്ചു; ബില് പാസാക്കി നിയമസഭ
Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.) മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എംഎല്‍എമാര്‍ എന്നിവരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇതിസംബന്ധിച്ച ബില്‍ ഇന്ന് നിയമസഭ പാസാക്കി. ശമ്പളത്തിനൊപ്പം വിവിധ അലവന്‍സുകളും വര്‍ധിപ്പിച്ചു.മുന്‍ എംഎല്‍എമാരു
Niyamasabha


Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.)

മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എംഎല്‍എമാര്‍ എന്നിവരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇതിസംബന്ധിച്ച ബില്‍ ഇന്ന് നിയമസഭ പാസാക്കി. ശമ്പളത്തിനൊപ്പം വിവിധ അലവന്‍സുകളും വര്‍ധിപ്പിച്ചു.മുന്‍ എംഎല്‍എമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്.

മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പ്രതിമാസ ആകെ ശമ്പളവും അലവന്‍സുകളും 1,22,000 രൂപയായാണ് ഉയര്‍ത്തുന്നത്. നിലവില്‍ അത് നിലവിലെ 1,08,000 രൂപ ആയിരുന്നു. എംഎല്‍എമാരുടെ പ്രതിമാസ ശമ്പളവും അലവന്‍സുകളും ഉള്‍പ്പെടെയുള്ള തുക 70,000 രൂപയില്‍നിന്ന് 98,000 രൂപയാകും. ഇതോടൊപ്പം മുന്‍ എംഎല്‍എമാരുടെ പെന്‍ഷനും വര്‍ധിപ്പിക്കും.

മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ അടിസ്ഥാന ശമ്പളം നിലവിലെ 2,000 രൂപയില്‍നിന്ന് 3,000 രൂപയായി ഉയര്‍ത്തും. മണ്ഡല ബത്ത 40,000 രൂപയില്‍നിന്ന് 45,000 രൂപയായും കണ്‍വേയന്‍സ് അലവന്‍സ് 17,000 രൂപയില്‍നിന്ന് 25,000 രൂപയായും വര്‍ധിപ്പിക്കും. റോഡ് മാര്‍ഗമുള്ള യാത്രകള്‍ക്ക് നിലവില്‍ കിലോമീറ്ററിന് 15 രൂപയാണ് അനുവദിക്കുന്നത്. ഇത് കിലോമീറ്ററിന് 20 രൂപയായി ഉയര്‍ത്തും.

എംഎല്‍എമാരുടെ ശമ്പളത്തിലും വിവിധ അലവന്‍സുകളിലും വര്‍ധനയുണ്ടാകും. നിലവില്‍ 70,000 രൂപയായുള്ള പ്രതിമാസ ആകെ തുക 98,000 രൂപയായാണ് ഉയരുന്നത്. എംഎല്‍എമാരുടെ സ്ഥിരബത്ത 2,000 രൂപയില്‍നിന്ന് 4,000 രൂപയായും മണ്ഡല അലവന്‍സ് 25,000 രൂപയില്‍നിന്ന് 35,000 രൂപയായും വര്‍ധിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ ബത്ത നിലവിലെ 4,000 രൂപയില്‍നിന്ന് 8,000 രൂപയാക്കും. മറ്റു ചെലവുകള്‍ക്കായി അനുവദിക്കുന്ന തുക 8,000 രൂപയില്‍നിന്ന് 13,000 രൂപയായി ഉയര്‍ത്തും. അതേസമയം, ടെലിഫോണ്‍ അലവന്‍സില്‍ മാറ്റമുണ്ടാകില്ല. നിലവിലുള്ള 11,000 രൂപ തന്നെ തുടരും.

എംഎല്‍എമാരുടെ യാത്രാബത്തയിലും വര്‍ധനയുണ്ട്. നിലവിലെ 20,000 രൂപയില്‍നിന്ന് 30,000 രൂപയായാണ് യാത്രാബത്ത ഉയര്‍ത്തുന്നത്. വിമാനയാത്രയ്ക്കുള്ള വാര്‍ഷിക അലവന്‍സ് 50,000 രൂപയില്‍നിന്ന് 75,000 രൂപയാക്കും. മൈലേജ് അലവന്‍സ് കിലോമീറ്ററിന് 10 രൂപയില്‍നിന്ന് 15 രൂപയായി വര്‍ധിപ്പിക്കും. യാത്രയുമായി ബന്ധപ്പെട്ട ആകസ്മിക ചെലവുകള്‍ക്കായി കിലോമീറ്ററിന് അനുവദിക്കുന്ന ഒരു രൂപ രണ്ട് രൂപയായി ഉയര്‍ത്തും. സംസ്ഥാനത്തിനുള്ളിലെ യാത്രകള്‍ക്കുള്ള ദിനബത്ത 1,000 രൂപയില്‍നിന്ന് 1,500 രൂപയായും സംസ്ഥാനത്തിന് പുറത്തുള്ള യാത്രകള്‍ക്കുള്ള ദിനബത്ത 1,200 രൂപയില്‍നിന്ന് 1,800 രൂപയായും വര്‍ധിപ്പിക്കും.

മുന്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ തുകയിലും വര്‍ധന വരുത്തും. നിലവിലെ കുറഞ്ഞ പ്രതിമാസ പെന്‍ഷനായ 8,000 രൂപ 10,000 രൂപയായി ഉയര്‍ത്തും. രണ്ടുവര്‍ഷം എംഎല്‍എമാരായിരുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്ന 8,000 രൂപയ്ക്കുപകരം പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ ലഭിക്കും. മൂന്നുവര്‍ഷം എംഎല്‍എമാരായിരുന്നവരുടെ പെന്‍ഷന്‍ 12,000 രൂപയില്‍നിന്ന് 15,000 രൂപയായും നാലുവര്‍ഷം എംഎല്‍എമാരായിരുന്നവരുടെ പെന്‍ഷന്‍ 16,000 രൂപയില്‍നിന്ന് 20,000 രൂപയായും ഉയര്‍ത്തും.

അഞ്ചുവര്‍ഷം എംഎല്‍എമാരായിരുന്നവര്‍ക്ക് നിലവിലെ 20,000 രൂപയ്ക്കുപകരം പ്രതിമാസം 25,000 രൂപ പെന്‍ഷന്‍ ലഭിക്കും. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ എംഎല്‍എമാരായിരുന്നവര്‍ക്ക് അധികമായി സേവനമനുഷ്ഠിച്ച ഓരോ വര്‍ഷത്തിനും പ്രതിമാസ പെന്‍ഷനില്‍ 1,500 രൂപ വീതം വര്‍ധന ലഭിക്കും.

മുന്‍ എംഎല്‍എമാര്‍ക്ക് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന അധിക പെന്‍ഷന്‍ ആനുകൂല്യങ്ങളും തുടരും. 70 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് പ്രതിമാസ പെന്‍ഷനുപുറമേ 4,000 രൂപ അധികമായി ലഭിക്കും. 80 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 5,000 രൂപ അധികമായി നല്‍കും. മുന്‍ എംഎല്‍എമാര്‍ക്ക് ലഭിക്കാവുന്ന പരമാവധി പ്രതിമാസ പെന്‍ഷന്‍ 60,000 രൂപയായിരിക്കും.

---------------

Hindusthan Samachar / Sreejith S


Latest News