'ബിഎൽഎം സൊസൈറ്റിക്കെതിരെ നടക്കുന്നത് ആസൂത്രിത ഗൂഢാലോചന'; നിക്ഷേപകരുടെ പണം വകമാറ്റിയെന്ന ആരോപണം തള്ളി അധികൃതർ
Kozhikode, 29 ഒക്റ്റോബര് (H.S.) കോഴിക്കോട്: നിക്ഷേപകരുടെ പണം വകമാറ്റി ചെലവഴിച്ചുവെന്ന പേരിൽ ബിഎൽഎം സൊസൈറ്റിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയാണെന്ന ആരോപണവുമായി സൊസൈറ്റി പ്രതിനിധി സയ്ദലവി രംഗത്തെത്തി. കഴിഞ്ഞ
'ബിഎൽഎം സൊസൈറ്റിക്കെതിരെ നടക്കുന്നത് ആസൂത്രിത ഗൂഢാലോചന'; നിക്ഷേപകരുടെ പണം വകമാറ്റിയെന്ന ആരോപണം തള്ളി അധികൃതർ


Kozhikode, 29 ഒക്റ്റോബര് (H.S.)

കോഴിക്കോട്: നിക്ഷേപകരുടെ പണം വകമാറ്റി ചെലവഴിച്ചുവെന്ന പേരിൽ ബിഎൽഎം സൊസൈറ്റിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയാണെന്ന ആരോപണവുമായി സൊസൈറ്റി പ്രതിനിധി സയ്ദലവി രംഗത്തെത്തി. കഴിഞ്ഞ 22 വർഷമായി അംഗങ്ങൾക്കിടയിൽ തികഞ്ഞ വിശ്വാസ്യതയോടെ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയാണിതെന്നും ഇന്നുവരെ നിക്ഷേപകരുടെ പണം തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ പരാതികളും ഉയർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാപനത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ചില കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വ്യാജ ആരോപണങ്ങളും നീക്കങ്ങളും നടക്കുന്നതായി മാനേജ്മെന്റിന് ബോധ്യപ്പെട്ടിട്ടുണ്ട്. സൊസൈറ്റിയുടെ മുൻ സി.ഇ.ഒ ആയ കോഴിക്കോട് സ്വദേശി നവീൻ എസ്. നായരാണ് നിലവിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ പരാതി നൽകിയിരിക്കുന്നത്.

ഉന്നയിക്കപ്പെട്ട പ്രധാന ആരോപണങ്ങളും വിശദീകരണവും

- 30 കോടി രൂപ വകമാറ്റിയെന്ന ആരോപണം: 2023 ഫെബ്രുവരി 15-ന് ആർ. പ്രേംകുമാറിന്റെ ചെന്നൈ വിരുഗമ്പാക്കം എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിലേക്ക് സൊസൈറ്റിയിൽ നിന്ന് 30 കോടി രൂപ മാറ്റിയെന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. എന്നാൽ, 2023 ഫെബ്രുവരി 15 മുതൽ 28 വരെയുള്ള സർട്ടിഫൈഡ് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചാൽ ആ ദിവസങ്ങളിലോ അതിനു ശേഷമോ ഇത്തരമൊരു തുക ബിഎൽഎം സൊസൈറ്റിയിൽ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഈ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്ന് വ്യക്തമാണെന്ന് സയ്ദലവി വ്യക്തമാക്കി.

- 50 കോടി രൂപ തട്ടിയെടുത്തെന്ന പരാതി: ആർ. പ്രേംകുമാർ സ്വന്തം മെമ്പർഷിപ്പ് ഐഡി ദുരുപയോഗം ചെയ്ത് ബ്രയോസ് ഫിൻസെർവിൽ (Bryos Finserve) നിന്ന് ബിഎൽഎം സൊസൈറ്റിയിലേക്ക് വരേണ്ട 50 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന ആരോപണവും തികച്ചും അടിസ്ഥാനരഹിതമാണ്. ഇത് വ്യക്തമാക്കുന്ന ആക്സിസ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ അടക്കമുള്ള എല്ലാ കൃത്യമായ ബാങ്കിംഗ് രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപംആരോപണങ്ങൾ വ്യാജമാണെന്ന് തെളിയിക്കുന്ന കൃത്യമായ ബാങ്ക് രേഖകൾ മൊഴി നൽകുന്ന വേളയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാൻ ശ്രമിച്ചിരുന്നതായും എന്നാൽ അവർ അത് കൈപ്പറ്റാൻ വിസമ്മതിച്ചതായും സയ്ദലവി ആരോപിച്ചു. ഈ തെളിവുകൾ കോടതിയിൽ ഹാജരാക്കിയാൽ മതിയെന്നാണ് അന്വേഷണസംഘം നൽകിയ മറുപടിയെന്നും, സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ മുൻ ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ച പരാതിയാണിതെന്നും സൊസൈറ്റി അധികൃതർ വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News