Enter your Email Address to subscribe to our newsletters

Kottayam , 29 ഒക്റ്റോബര് (H.S.)
മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് പമ്പയിലേക്കുള്ള പരമ്പരാഗത കാനനപാത ഭക്തർക്കായി 24 മണിക്കൂറും തുറന്നുനൽകണമെന്ന് ശിവസേനാ നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരവൃതാനുഷ്ഠാനങ്ങളെ സർക്കാരും വനംവകുപ്പും ചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
കാനനപാതയിലൂടെ കടന്നുപോകാൻ എത്തുന്ന ഭക്തരോട് ജീവൻ പണയപ്പെടുത്താൻ പോകുകയാണെന്ന് പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഭീതി പരത്തുകയും തിരിച്ചയക്കുകയുമാണെന്ന് അവർ കുറ്റപ്പെടുത്തി. ഭക്തരുടെ യാത്ര സുഗമമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ശിവസേനയുടെ ആവശ്യം.
കാടും മലയും കാട്ടുമൃഗങ്ങളും എല്ലാം ശരണമന്ത്രങ്ങൾക്കു മുന്നിൽ നിശ്ചലമായി നിൽക്കും എന്നാണ് പ്രമാണം. സർക്കാർ തെറ്റ് തിരുത്തി കാനന പാതയിലൂടെ തീർഥാടന സൗകര്യം മുൻകാലങ്ങളിലെപോലെ പൂർണ്ണ സമയവും ഒരുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങാൻ നാളുകൾ മാത്രം ബാക്കി നിൽക്കെ ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ ഉൾപ്പെടെ ഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടിരിക്കുകയാണ്.
എരുമേലിയിലെ വലിയ അമ്പലത്തിനോട് ചേർന്നുള്ള ദേവസ്വം ബിൽഡിങ്ങിന് സമീപമുള്ള പിൽഗ്രിം ഷെൽട്ടറുകൾ അയ്യപ്പ ഭക്തന്മാർക്ക് ഉപയോഗത്തിനുവേണ്ടി തുറന്നു കൊടുക്കാനായിട്ടില്ല. ഇതിന് പിന്നിൽ ഹോട്ടൽ ലോഡ്ജ് മാഫിയകൾ ആണ്. നിലക്കലിലും എരുമേലിയിലും പമ്പാ മാതൃകയിൽ പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യം സൗജന്യമായി ഒരുക്കണം. ദേവസ്വം ബോർഡിൽ നിന്ന് പാർക്കിംഗ് കരാറെടുത്ത വാഹനങ്ങൾക്ക് കൂടിയ കരാറുകാർ ഭക്തജനങ്ങളുടെ നിരക്ക് അനധികൃതമായി ഈടാക്കുന്നതായി കഴിഞ്ഞ സീസണിലും പരാതി ഉയർന്നിരുന്നു.
കൂടാതെ സ്വകാര്യ പാർക്കിങ് സൗകര്യമൊരുക്കുന്നവർ തീർത്ഥാടകരെ കൊള്ളയടിക്കുന്ന സംഭവും തീർത്ഥാടന മേഖലയിൽ സർവസാധാരണമാണ്. ഇതിന് അറുതി വരുത്താൻ ജില്ലാ ഭരണകൂടത്തിൻ്റെയും പൊലീസിൻ്റെയും ശക്തമായ ഇടപെടൽ ഉണ്ടാകണം. എരുമേലിയിൽ നിന്നും നിലക്കൽ നിന്നും പ്രിയദർശിനി മാതൃകയിൽ അയ്യപ്പഭക്തന്മാർക്ക് കെഎസ്ആർടിസി സൗജന്യ യാത്ര സൗകര്യം ഒരുക്കണം. അയ്യപ്പന്മാരുടെ സൗകര്യാർത്ഥം പമ്പയിൽ ചെറിയ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കണം. അപകട മേഖലകളായ കണ്ണിമല, കണമല, അട്ടിവളവ്, പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര പെരുനാട് ളാഹ എന്നീ മേഖലകളിൽ വാഹന സുരക്ഷ പരിശോധന കർശനമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ശിവസേന സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പേരൂർക്കട ഹരികുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി രാധാകൃഷ്ണമേനോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻകുമാർ നായർ, സംസ്ഥാന ട്രഷററും കോട്ടയം ജില്ലാ സമ്പർക്ക പ്രമുഖമായ എസ് ജയശേഖർ, നയരൂപീകരണ സമിതി ചെയർമാൻ വിനു ദാസ് കഴക്കൂട്ടം, കോട്ടയം ജില്ലാ പ്രസിഡൻ്റ് അജിത് കുമാർ കൈലാത്ത്, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് സുധീപ്, ജില്ലാ നേതാക്കളായ രാധാകൃഷ്ണൻ, രാജേഷ് ചങ്ങനാശ്ശേരി പ്രസാദ്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR