കായികമേളയിലെ ഭക്ഷണത്തില് പുഴു : കായിക അധ്യാപകന് അറസ്റ്റില്; നടന്നത് വലിയ ഗൂഢാലോചനയെന്ന് വിദ്യാഭ്യാസ മന്ത്രി
Kozhikkode, 29 ഒക്റ്റോബര്‍ (H.S.) സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണത്തില്‍ അറസ്റ്റ്. പെരുമ്പാവൂര്‍ സ്വദേശിയായ സ്‌കൂള്‍ അധ്യാപകന്‍ ജിജോ ജെയിംസാണ് അറസ്റ്റിലായത്. കായികമേള അലങ്കോലപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്
Minister Shamsudhin


Kozhikkode, 29 ഒക്റ്റോബര്‍ (H.S.)

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണത്തില്‍ അറസ്റ്റ്. പെരുമ്പാവൂര്‍ സ്വദേശിയായ സ്‌കൂള്‍ അധ്യാപകന്‍ ജിജോ ജെയിംസാണ് അറസ്റ്റിലായത്. കായികമേള അലങ്കോലപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രഭാതഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രധാന വേദിയായ എന്‍ഐടി മൈതാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഒരു ചാനല്‍ വാര്‍ത്ത നല്‍കിയെങ്കിലും ആരും ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഇതേ അധ്യാപകന്‍ വീണ്ടും സമാനമായ ആരോപണവുമായി രംഗത്തെത്തിയത്.

എന്നാല്‍ ആദ്യദിവസത്തെ സംഭവത്തിന് ശേഷം പൊലീസ് അടക്കമുള്ളവര്‍ ഇയാളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ചൂടോടെ വിളമ്പിയ സാമ്പാര്‍ കഴിച്ചുകൊണ്ടിരിക്കെ ഇയാള്‍ ജീവനുള്ള പുഴുവിനെ എടുത്തു കാണിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി മേളയിലെ ഭക്ഷണത്തില്‍ പുഴു ഇല്ലായിരുന്നുവെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞതോടെ സ്ഥലത്ത് വലിയ ബഹളമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരുമ്പാവൂരിലെ ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപകനാണ് പിടിയിലായ ജിജോ ജെയിംസ്. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാല് മണിക്കൂര്‍ തിളച്ചുമറിയുന്ന സാമ്പാറിലും ആവിയില്‍ വേവിക്കുന്ന പുട്ടിലും ജീവനുള്ള പുഴു എങ്ങനെ വരുമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ചൊവ്വാഴ്ചയാണ് പുട്ടില്‍ പുഴുവിനെ കണ്ടെന്ന് ആദ്യം പ്രചരിപ്പിച്ചത്. എന്നാല്‍ പുഴുവിനെ നേരിട്ട് കണ്ടവര്‍ ആരുമില്ല. ഇന്നലെയും പുഴുവിനെ കണ്ടെന്ന് പറഞ്ഞ് അധ്യാപകന്‍ ബഹളം വയ്ക്കുകയായിരുന്നു.

അധ്യാപകന്‍ പുഴുവിനെ കൊണ്ടുവന്ന് ഭക്ഷണത്തില്‍ ഇടുന്നത് കണ്ട രണ്ട് തൊഴിലാളികള്‍ അവിടെയുണ്ടായിരുന്നു. ഉടന്‍ തന്നെ രണ്ട് ചാനലുകളുടെ കാമറകള്‍ അവിടെ എത്തുകയും ചെയ്തു. ഇതെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണ്. കുട്ടികളുടെ കായികമേള കുളമാക്കാന്‍ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരാണ് ഇതിന്റെ പിന്നില്‍. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനമായ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News