സത്യം അടിച്ചമര്ത്തപ്പെടുന്നത് തടയണം; 'സത്യാഗ്രഹം' എന്ന ഡിജിറ്റല് പ്ലാറ്റ്ഫോമുമായി രാഹുല് ഗാന്ധി
New delhi, 03 ഒക്റ്റോബര്‍ (H.S.) സത്യം അടിച്ചമര്‍ത്തപ്പെടുന്നത് തടയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തുടനീളം നടക്കുന്ന വിഷയാധിഷ്ഠിത പ്രതിഷേധങ്ങളെ ഏകോപിപ്പിക്കുന്നതിനായി ''സത്യാഗ്രഹം'' എന്ന ഡിജിറ്റല്‍ പ്ല
Rahul Gandhi wrote an article in the newspaper


New delhi, 03 ഒക്റ്റോബര്‍ (H.S.)

സത്യം അടിച്ചമര്‍ത്തപ്പെടുന്നത് തടയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തുടനീളം നടക്കുന്ന വിഷയാധിഷ്ഠിത പ്രതിഷേധങ്ങളെ ഏകോപിപ്പിക്കുന്നതിനായി 'സത്യാഗ്രഹം' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. സത്യം ചവിട്ടിമെതിക്കപ്പെടുമ്പോള്‍ സഹായം ഉറപ്പാക്കുന്നതിനായി, 'സത്യാഗ്രഹ' പ്ലാറ്റ്ഫോമിലൂടെ സര്‍ക്കാരിനെതിരായ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികത്തിന്റെ പിറ്റേന്നാണ് പ്ലാറ്റ്ഫോം ആരംഭിച്ചത്.

'രാജ്യത്തുടനീളം ആളുകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുകയാണ്; പലപ്പോഴും അവര്‍ ഒറ്റയ്ക്കാണ് പോരാടുന്നത്. 'ജെന്‍-സി' (Gen Z) വിഭാഗക്കാര്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍ - ഓരോ പോരാട്ടത്തിനും അതിന്റേതായ കഥയുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട ഒരു ശബ്ദത്തെ നിശബ്ദമാക്കുക എന്നത് പലപ്പോഴും എളുപ്പമാണ്. ഈ ശബ്ദങ്ങളെല്ലാം ഒരൊറ്റ ഭൂപടത്തില്‍ ഒരുമിച്ച് കൊണ്ടുവരാനുള്ള ഒരു വേദിയാണ് 'സത്യാഗ്രഹം',' രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

'ബാപ്പു നമ്മെ പഠിപ്പിച്ചത് സത്യമാണ് നമ്മുടെ ഏറ്റവും വലിയ ആയുധം എന്നാണ്. എന്നാല്‍ അതിലും വലിയ ആയുധം സത്യത്തോടൊപ്പം ഒരുമിച്ച് നില്‍ക്കുക എന്നതാണ്. നിങ്ങളും ഏതെങ്കിലും അനീതിക്കെതിരെ പോരാടുകയാണെങ്കില്‍, നിങ്ങളുടെ കഥ പങ്കുവെക്കൂ. അതിന് രണ്ട് മിനിറ്റ് മാത്രം മതി,' അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തനിക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുമെന്നും അത് തന്റെ ഉത്തരവാദിത്വമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സത്യം അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യങ്ങളില്‍ അതിനെതിരെ നിലകൊള്ളാന്‍ ജനങ്ങളെ സഹായിക്കുക എന്നത് തനിക്ക് പ്രധാനമാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ രാജ്യത്തുടനീളം സത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരം പ്രതിഷേധങ്ങളും നടക്കുന്നുണ്ടെന്ന് എക്സില്‍ പങ്കുവച്ച വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News