Enter your Email Address to subscribe to our newsletters

Thiruvanathapuram, 03 ഒക്റ്റോബര്‍ (H.S.)
ബിജെപി ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രാജി സമർപ്പിച്ചതായുള്ള വാർത്തകൾ നഗരസഭയിലെ ബിജെപി ഭരണത്തിന്റെ സമ്പൂർണ്ണ തകർച്ചയും ഭരണസ്തംഭനവുമാണ് വെളിവാക്കുന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ശിവൻകുട്ടി പ്രസ്താവനയിൽ അറിയിച്ചു. രാജിക്കത്ത് മേയർക്ക് കൈമാറി എന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിയുന്നത്. എന്നാൽ, തെല്ലെങ്കിലും രാഷ്ട്രീയ മാന്യത ബാക്കിയുണ്ടെങ്കിൽ ആ രാജിക്കത്ത് പരസ്യപ്പെടുത്താൻ അവർ തയ്യാറാകണം. ഏതെങ്കിലും ഉന്നത സ്ഥാനങ്ങൾക്കായി പാർട്ടി നേതൃത്വവുമായി നടത്തുന്ന വിലപേശലിന്റെ ഭാഗമായാണ് ഈ രാജി നാടകം അരങ്ങേറുന്നത്. ഇവരുടെ വാക്കിന് യാതൊരു വിശ്വാസ്യതയുമില്ല.
ഭരണഘടനാ വിരുദ്ധവും കേരള മുനിസിപ്പാലിറ്റി നിയമങ്ങൾക്ക് തീർത്തും നിരക്കാത്തതുമായ രീതിയിലാണ് ബിജെപി ഇപ്പോൾ നഗരസഭാ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം വാർഡ് കൗൺസിലർ നിയമപ്രകാരം അയോഗ്യനായിട്ടും, തുടർനടപടികൾ സ്വീകരിക്കേണ്ട നഗരസഭാ സെക്രട്ടറിയും തദ്ദേശസ്വയംഭരണ വകുപ്പും നിഷ്ക്രിയത്വം പാലിക്കുകയാണ്. സ്വതന്ത്രരുടെ താൽക്കാലിക പിന്തുണയിൽ, വ്യക്തമായ ഭൂരിപക്ഷമില്ലാതെ തികച്ചും ജനവിരുദ്ധമായ അവിഹിത ഭരണമാണ് ഇപ്പോൾ നഗരസഭയിൽ നടക്കുന്നത്.
ബിജെപിയെപ്പോലെ കുതിരക്കച്ചവടത്തിലൂടെയോ വഴിവിട്ട മാർഗ്ഗങ്ങളിലൂടെയോ ഭരണം നേടാനോ പിടിച്ചെടുക്കാനോ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉദ്ദേശിക്കുന്നില്ല. ജനഹിതവും ജനാധിപത്യ മര്യാദകളും പൂർണ്ണമായി ഉയർത്തിപ്പിടിച്ചുകൊണ്ട്, കൃത്യമായ സമയത്ത് ജനാധിപത്യ മാർഗ്ഗത്തിലൂടെ എൽ.ഡി.എഫ് നഗരസഭാ ഭരണം തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S