ആന്ധ്രയിലെ മരുന്ന് ഫാക്ടറിയില് വന്പൊട്ടിത്തെറി; നാല് തൊഴിലാളികള് മരിച്ചു
Thirupathi, 03 ഒക്റ്റോബര്‍ (H.S.) ആന്ധ്രാപ്രദേശിലെ വ്യവസായ മേഖലയായ ശ്രീസിറ്റിയില്‍ മരുന്ന് ഫാക്ടറിയില്‍ വന്‍പൊട്ടിത്തെറി. ''ടില്‍ ഹെല്‍ത്ത് കെയര്‍'' ഫാക്ടറിയിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. നാല് തൊഴിലാളികള്‍ മരണപ്പെട്ടു. അപകടത്തില്‍ 12 പേര്‍ക്ക്
blast


Thirupathi, 03 ഒക്റ്റോബര്‍ (H.S.)

ആന്ധ്രാപ്രദേശിലെ വ്യവസായ മേഖലയായ ശ്രീസിറ്റിയില്‍ മരുന്ന് ഫാക്ടറിയില്‍ വന്‍പൊട്ടിത്തെറി. 'ടില്‍ ഹെല്‍ത്ത് കെയര്‍' ഫാക്ടറിയിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. നാല് തൊഴിലാളികള്‍ മരണപ്പെട്ടു. അപകടത്തില്‍ 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റ് ജോലികള്‍ നടന്നുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്.

വ്യാഴാഴ്ച രാത്രി ഷിഫ്റ്റില്‍ നിരവധി തൊഴിലാളികള്‍ ഫാക്ടറിയില്‍ ജോലിയിലുണ്ടായിരുന്ന സമയത്താണ് പെട്ടെന്ന് ബോയിലര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് ഫാക്ടറിക്കുള്ളില്‍ വന്‍ തീപിടിത്തവുമുണ്ടായി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്തുതന്നെ കരിഞ്ഞു മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ഉടന്‍ തന്നെ തടയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരിച്ചവരില്‍ രണ്ടുപേരെ സത്യവേട് മണ്ഡലത്തിലെ ചെരിവി ഗ്രാമത്തില്‍ നിന്നുള്ള ചിന്ന മസ്താന്‍ (45), തമിഴ്നാട്ടിലെ മാദരപാക്കം സ്വദേശിയായ രമേശ് (45) എന്നിവരായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി രണ്ടുപേരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പരിക്കേറ്റ 12 പേരെയും വിദഗ്ധ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തിയാണ് ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

ശ്രീസിറ്റിയിലുണ്ടായ ദാരുണമായ അപകടത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും ഐ.ടി മന്ത്രി നാര ലോകേഷും അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ച മുഖ്യമന്ത്രി, പരിക്കേറ്റ തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ചതും സൗജന്യവുമായ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് അടിയന്തര നിര്‍ദേശം നല്‍കി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് മന്ത്രി നാര ലോകേഷ് ഉറപ്പുനല്‍കി.

അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി വാസംസെട്ടി സുഭാഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

---------------

Hindusthan Samachar / Sreejith S


Latest News