Enter your Email Address to subscribe to our newsletters

Kochi, 03 ഒക്റ്റോബര്‍ (H.S.)
വിഡി സതീശന്‍ സര്‍ക്കാരിന് നേരെ രൂക്ഷമായ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ 'സത്യദീപം'. സ്‌പോണ്‍സേര്‍ഡ് സര്‍ക്കാരായി മാറുകയാണോ എന്ന വിമര്‍ശനമാണ് സത്യദീപം ഉയര്‍ത്തുന്നത്. സര്‍ക്കാരിന് നഷ്ടമുണ്ടാകാത്തതെല്ലാം ധാര്‍മ്മികമായി സാധ്യമാണോയെന്ന ചോദ്യവും സത്യദീപം ഉയര്‍ത്തുന്നുണ്ട്.
വി.ഡി.എസ്. സര്‍ക്കാര്‍ ഒരു സ്പോണ്‍സേര്‍ഡ് സര്‍ക്കാരാണോ എന്ന ചോദ്യം പ്രസക്തമാണ്. സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ താത്പര്യങ്ങളുടെ സമ്മര്‍ദ്ദമില്ലാതെ, സുതാര്യമായി തുടരുന്ന സര്‍ക്കാരിനെയാണ് ജനം അധികാരമേല്‍പ്പിച്ചതെന്ന് മറക്കരുത്. മന്ത്രിമാര്‍ക്കും സ്വകാര്യനിമിഷങ്ങള്‍ ആവശ്യമല്ലേ എന്ന് ഒരു ജെന്‍സി മന്ത്രി ചോദിക്കുമ്പോള്‍ തന്റെ സ്വകാര്യതയില്‍പ്പോലും സുതാര്യതയുടെ സന്ദേശമുണര്‍ത്തിയ ഒരു മുന്‍ മുഖ്യമന്ത്രിയെ ഓര്‍ത്തുപോകുന്നു എന്നും സത്യദീപം പറയുന്നു. പുതിയലക്കം സത്യദീപത്തിന്റെ കവര്‍സ്റ്റോറിയിലാണ് വിമര്‍ശനം. മുന്‍ എഡിറ്റര്‍ കൂടിയായ ഫാ.മാത്യു കിലുക്കനാണ് എഴുതിയത്.
ലേഖനത്തിന്റെ ചുരുക്കം
തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതു നേരത്തേയും സംഭവിച്ചിട്ടുണ്ടല്ലോ എന്ന മറുപടി ഒരു മറുപടി പോലുമല്ല. വിദേശയാത്രകള്‍ക്കായി മന്ത്രിമാര്‍ നിരനിരയായി നില്‍ക്കുമ്പോള്‍ അത് ആരുടെയൊക്കെ ചെലവിലെന്ന ചോദ്യംപോലെതന്നെ പ്രധാനമാണ് അതെല്ലാം അനിവാര്യമാണോ എന്നതും. മന്ത്രിമാര്‍ക്കും സ്വകാര്യനിമിഷങ്ങള്‍ ആവശ്യമല്ലേ എന്ന് ഒരു ജെന്‍സി മന്ത്രി ചോദിക്കുമ്പോള്‍ തന്റെ സ്വകാര്യതയില്‍പ്പോലും സുതാര്യതയുടെ സന്ദേശമുണര്‍ത്തിയ ഒരു മുന്‍ മുഖ്യമന്ത്രിയെ ഓര്‍ത്തുപോകുന്നു.
ജനക്കൂട്ടത്തിലല്ലാത്തപ്പോള്‍ ശരിക്കും ശ്വാസംമുട്ടുമായിരുന്ന, ജനകീയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശിഷ്യരൊക്കെത്തന്നെയാണ് വി.ഡി.എസ്. സര്‍ക്കാരിലെ മുന്‍നിരക്കാര്‍ എന്നതും ആശ്ചര്യമുളവാക്കുന്നു. പുതിയസര്‍ക്കാര്‍ വിവാദ സര്‍ക്കാരാണോ എന്ന സംശയം മന്ത്രിമാരുടെ തിരഞ്ഞെടുപ്പില്‍ തുടങ്ങി സത്യപ്രതിജ്ഞാചടങ്ങില്‍ വരെ ദൃശ്യമായിരുന്നു. അതുവരെ തന്റെ പേരിനോടൊപ്പം ഒരിക്കലും വി.ഡി. സതീശന്‍ ഉപയോഗിച്ചിട്ടില്ലാത്ത മേനോന്‍ പ്രയോഗം പേരിനോടു ചേര്‍ത്തുവെച്ചു.
ഈ കൂട്ടിച്ചേര്‍ക്കല്‍ എന്തിനായിരുന്നുവെന്ന സംശയമുയരാം. തന്റെ അച്ഛനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറുപടിയില്‍ എല്ലാവരും തൃപ്തരായോ എന്നത് മുഖ്യമന്ത്രിക്ക് പ്രധാനപ്പെട്ടതല്ല എന്നത് അദ്ദേഹത്തിന്റെ പില്‍ക്കാല പ്രസ്താവനകള്‍ തെളിയിക്കുന്നു.
മുഖ്യമന്ത്രിയുടെ ശരീരഭാഷയും സംസാരഭാഷയും അസഹിഷ്ണുവായ വ്യക്തിയുടേതായി തുടരുന്നത് സാധാരണക്കാരെ സങ്കടപ്പെടുത്തുന്നു.
പത്തുവര്‍ഷം ഭരിച്ചത് ഇടതു സര്‍ക്കാരല്ല, മറിച്ച് പിണറായിയുടെ പി.ആര്‍.സര്‍ക്കാരായിരുന്നു എന്ന പ്രചാരണം വോട്ടാക്കിമാറ്റി വിജയിച്ചെത്തിയ സതീശനും കൂട്ടരും, മുന്‍ സര്‍ക്കാരിനെതിരേ പഴിപറച്ചിലും പരാതിയുമായി രംഗം നിറയുമ്പോള്‍ അധികാരത്തിലേറ്റിയ ജനങ്ങളുടെ പ്രതീക്ഷയാണ് മങ്ങുന്നത് -ലേഖനം വിമര്‍ശിക്കുന്നു.
---------------
Hindusthan Samachar / Sreejith S