Enter your Email Address to subscribe to our newsletters

Thiruvanathapuram, 03 ഒക്റ്റോബര്‍ (H.S.)
വിഴിഞ്ഞത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മീൻപിടിത്ത തുറമുഖം നിർമ്മിക്കുന്നതിന് ഭരണാനുമതി. 271 കോടി രൂപയുടെ പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം പദ്ധതിയുടെ തറക്കല്ലിടൽ നടക്കും. ഒക്ടോബർ 7നും 9നും ഇടയിൽ ചടങ്ങ് നടത്താനാണ് തീരുമാനം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയോടനുബന്ധിച്ചാണ് പുതിയ ആധുനിക മീൻപിടിത്ത തുറമുഖം നിർമ്മിക്കുന്നത്. രാജ്യാന്തര തുറമുഖത്തിനും നിലവിലെ മീൻപിടിത്ത തുറമുഖത്തിനും മധ്യേയുള്ള വിശാലമായ തീരപ്രദേശത്താണ് പുതിയ ഹാർബർ സജ്ജമാക്കുന്നത്.വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയായ വിസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി രാജ്യാന്തര തുറമുഖത്തിന്റെ വലിയ പുലിമുട്ടായ ബ്രേക്ക്‌വാട്ടറിനോട് ചേർന്ന് ഏകദേശം 135 മീറ്റർ നീളമുള്ള പുതിയ പുലിമുട്ടും നിർമ്മിക്കും. കാലവർഷക്കാലത്തെ ശക്തമായ തിരയടിയിൽ നിന്ന് ഹാർബറിനെ സംരക്ഷിക്കുന്നതിനും മത്സ്യബന്ധന പ്രവർത്തനങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുലിമുട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നത്. പുതിയ മീൻപിടിത്ത തുറമുഖത്തിന് പുറമെ നിലവിലെ മീൻപിടിത്ത തുറമുഖത്തിന്റെ നവീകരണം, ഹാർബറിലേക്കുള്ള കാലവർഷ തിരയടി പ്രതിരോധിക്കുന്നതിനുള്ള പുലിമുട്ട് ദീർഘിപ്പിക്കൽ പദ്ധതി എന്നിവയുടെ പ്രവർത്തന ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയായാണ് പുതിയ മീൻപിടിത്ത തുറമുഖത്തിന്റെ നിർമ്മാണം നടപ്പാക്കുന്നത്. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡിയുടെ കുടിശിക വിതരണവുംചടങ്ങിൽ നടക്കും. തറക്കല്ലിടൽ ചടങ്ങിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപം സജ്ജമാക്കാനുദ്ദേശിക്കുന്ന വേദി എം. വിൻസന്റ് എംഎൽഎയും വിസിൽ ഉദ്യോഗസ്ഥ സംഘവും കഴിഞ്ഞ ദിവസം സന്ദർശിച്ച് പരിശോധിച്ചു.പുതിയ ഹാർബർ യാഥാർഥ്യമാകുന്നതോടെ വിഴിഞ്ഞത്തെ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായ മത്സ്യബന്ധനത്തിനും ബോട്ടുകളുടെ പ്രവർത്തനങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കും പദ്ധതി സഹായകരമാകും.
---------------
Hindusthan Samachar / Sreejith S