Enter your Email Address to subscribe to our newsletters

Lucknow , 30 ഒക്റ്റോബര് (H.S.)
ലഖ്നൗ: ഉത്തർപ്രദേശിലെ ഭാരതീയ ജനതാ പാർട്ടി ഭരണം രാമായണത്തിലെ ‘അംഗദന്റെ കാൽപ്പാദം’ പോലെയാണെന്നും അതിനെ ആർക്കും ഇളക്കാനാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചു. സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലഖ്നൗവിൽ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണെന്നും അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി വലിയ ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. തുടർച്ചയായി മൂന്നാം തവണയും ബിജെപി യുപിയിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ സന്ദേഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത തവണ ബിജെപി വീണ്ടും അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്ന സുപ്രധാന പ്രഖ്യാപനവും അദ്ദേഹം നടത്തി. ഇതിനകം തന്നെ പല സംസ്ഥാനങ്ങളിലും യുസിസി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും ഉത്തർപ്രദേശിലും അത് യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന ‘വോട്ട് മോഷണ’ ആരോപണങ്ങളെ അമിത് ഷാ നിശിതമായി വിമർശിച്ചു. കളിയിൽ പരാജയപ്പെടുമ്പോൾ അമ്പയറെ കുറ്റം പറയുന്ന ടീമിനെപ്പോലെയാണ് പ്രതിപക്ഷത്തിന്റെ അവസ്ഥയെന്ന് അദ്ദേഹം പരിഹസിച്ചു. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും ധൈര്യമുണ്ടെങ്കിൽ പ്രതിപക്ഷം പാർലമെന്റിൽ ചർച്ചയ്ക്ക് വരണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ആവശ്യമെങ്കിൽ ഇതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ പോലും സർക്കാർ ഒരുക്കമാണെന്നും എല്ലാ ആരോപണങ്ങൾക്കും അക്കമിട്ട് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവും 1990-ൽ കർസേവകർക്ക് നേരെയുണ്ടായ വെടിവെപ്പും പരാമർശിച്ചുകൊണ്ട് പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. അന്ന് കല്യാൺ സിംഗ് തന്റെ സർക്കാരിന്റെ നിലനിൽപ്പിനെപ്പോലും വകവെക്കാതെയാണ് കർസേവകർക്കൊപ്പം നിലയുറപ്പിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
2017-ലും 2022-ലും ബിജെപിയെ ചരിത്രപരമായ വിജയത്തിലേക്ക് നയിച്ചത് പ്രവർത്തകരുടെ കഠിനാധ്വാനമാണെന്ന് പറഞ്ഞ അമിത് ഷാ, വരുന്ന തിരഞ്ഞെടുപ്പിൽ മഹാഭാരതത്തിലെ അർജുനനെപ്പോലെ മത്സ്യത്തിന്റെ കണ്ണിൽ മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സംഘടനാ സംവിധാനം കൂടുതൽ അടിത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനായി മണ്ഡലം, ജില്ലാ തലങ്ങളിൽ കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേരാനും യുവാക്കൾ, സ്ത്രീകൾ, പുതിയ വോട്ടർമാർ എന്നിവരിലേക്ക് പ്രചാരണം വ്യാപിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
യോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി, ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി, സംസ്ഥാന ചുമതലയുള്ള വിനോദ് താവ്ഡെ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
---------------
Hindusthan Samachar / Roshith K