Enter your Email Address to subscribe to our newsletters

Thrissur, 30 ഒക്റ്റോബര്‍ (H.S.)
ബാറുകളില്‍ മദ്യപിക്കാന്‍ എത്തുന്നവരുടെ പ്രായം ഉറപ്പുവരുത്താന്‍ നടപടിയുമായി സര്‍ക്കാര്‍. ബാറുകളില്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. കേരളത്തില്‍ മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായം 23 വയസ്സാണ്. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ബാര്‍ ലൈസന്‍സുകാരുടെ പൂര്‍ണ ഉത്തരവാദിത്തമാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
നെടുമ്പാശ്ശേരിയില്‍ അടുത്തിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും നിശ്ചിത പ്രായപരിധിയില്‍ താഴെയുള്ളവര്‍ക്കും ബാറുകളില്‍ നിന്ന് മദ്യം ലഭിക്കുന്നത് തടയുന്നതില്‍ ഉണ്ടായ വീഴ്ചയാണ് അത്തരം ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലും സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ കര്‍ശന നിലപാട് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
'പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് മദ്യം കൊടുക്കുക, അത് കഴിച്ച് അപകടമുണ്ടാക്കുക. എന്നിട്ട് ഒരു കുടുംബം തന്നെ ആനാഥമാകുന്ന സ്ഥിതിയുണ്ടാകുന്നു. ബാറുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഒരാള്‍ ബാറിലെത്തിയാല്‍ വയസിന്റെ കാര്യത്തില്‍ സംശയം തോന്നിയാല്‍ തീര്‍ച്ചയായും ഐഡന്റിറ്റി പരിശോധിക്കണം. ആധാര്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ ബാര്‍ അധികൃതര്‍ നിര്‍ബന്ധമായും തയ്യാറാകണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും' മന്ത്രി പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ എക്‌സൈസ് നയം വരുന്ന നവംബറില്‍ പ്രഖ്യാപിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. ലഹരി ഉപയോഗം കുറയ്ക്കാനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള വ്യവസ്ഥകള്‍ പുതിയ നയത്തിലുണ്ടാകുമെന്നാണ് സൂചന.
---------------
Hindusthan Samachar / Sreejith S